കൊച്ചി : എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസില്‍ വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. വെയിറ്റേജ് മാറ്റിയത് ശെരിയല്ലെന്ന് കോടതി വിലയിരുത്തി. സിബിഎസ്ഇ സിലബസില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുന്‍പുണ്ടായിരുന്ന വെയ്റ്റേജ് നഷ്ടമായി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇതിലാണ് റാങ്ക് പട്ടിക പൂര്‍ണമായി റദ്ദാക്കാന്‍ ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്ക് ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.
മുന്‍സമവാക്യ പ്രകാരം റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോള്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ വിദ്യാര്‍ത്ഥികളേക്കാള്‍ 15-20വരെ മാര്‍ക്ക് കുറയുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി മാര്‍ക്ക് ഏകീകരിക്കുന്ന സമവാക്യത്തിലേക്ക് കടന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറയുന്നത്. എന്നാല്‍ ഇത് കോടതി പരിഗണിച്ചിട്ടില്ല. സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ കോടതി പരിഗണിച്ചാണ് കീം പരീക്ഷാ ഫലം റദ്ദാക്കാന്‍ തീരുമാനിച്ചത്.