കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് . ഇന്ന് തന്നെ സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്തതിന് ശേഷം മാത്രമെ പോലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കൂ.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതാണ് സിദ്ദിഖിന് തിരിച്ചടിയായത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള തുടര്‍ നടപടികളിലേക്ക് അന്വേഷണ സംഘം വേഗത്തില്‍ നീങ്ങിയേക്കും. സിദ്ദിഖിനെതിരായ കേസ് അന്വേഷണത്തില്‍ നിര്‍ണായക തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു. അടിസ്ഥാനനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്. അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുളളത്. അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ദിഖ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അതേസമയം, സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദീഖിനെതിരായ തെളിവുകള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച ഒന്നായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം. യുവനടിയാണ് പരാതി സിദ്ദിഖിനെതിരെ നല്‍കിയത്. 2016 ജനുവരി 28നാണ് സംഭവം നടക്കുന്നതെന്നായിരുന്നു യുവനടിയുടെ ആരോപണം. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി, ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.