കൊച്ചി: ശബരിമലയിലേക്ക് എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ നടത്തിയ ട്രാക്ടര്‍ യാത്രയെ ദൗര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി. ശബരിമല സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ നിന്നും അജിത് കുമാറിന്റെ പ്രവര്‍ത്തി മനപ്പൂര്‍വ്വമാണെന്ന് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അജിത് കുമാറിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആംബുലന്‍സ് ഉപയോഗിക്കാമായിരുന്നല്ലോയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.
ശബരിമലയിലേക്ക് എം ആര്‍ അജിത് കുമാര്‍ നടത്തിയ ട്രാക്ടര്‍ യാത്ര ചട്ടവിരുദ്ധമെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂവെന്ന കോടതിയുടെ കര്‍ശന നിര്‍ദ്ദേശം മറികടന്നായിരുന്നു എ ഡി ജി പിയുടെ നടപടി. പൊലീസിന്റെ ട്രാക്ടറിലാണ് അജിത് കുമാര്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കഴിഞ്ഞ ദിവസം ദര്‍ശനത്തിനായി പോയത്.
ഏറെക്കാലം ശബരിമലയുടെ ചുമതല വഹിച്ചിരുന്ന പൊലീസ് ഉന്നതന്‍ തന്നെ നിയമം ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. ദര്‍ശനത്തിനായി എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തത് ചട്ടലംഘനമെന്നായിരുന്നു സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് എം ആര്‍ അജികുമാര്‍ പമ്പയില്‍ എത്തിയത്. തുടര്‍ന്ന് പൊലീസിന്റെ ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോയി. ദര്‍ശനം നടത്തി അടുത്ത ദിവസം വീണ്ടും ട്രാക്ടറില്‍ മലയിറങ്ങി. അപകടസാധ്യത മുന്‍നിര്‍ത്തി ട്രാക്ടറില്‍ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ.