വാഷിംഗ്ടണ്‍ ഡിസി: വാശിയേറിയ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് ചരിത്രനേട്ടം. 277 ഇലക്ടറല്‍ വോട്ടുകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞു. 224 വോട്ടുകള്‍ മാത്രമാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് നേടാന്‍ കഴിഞ്ഞത്.
538 ഇലക്ടറല്‍ കോളജ് വോട്ടില്‍ 270 വോട്ട് മറികടന്നതോടെ വീണ്ടും ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രം ആണ് ബാക്കിയുള്ളത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിംഗ് സ്റ്റേറ്റുകളായ പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കാരളൈന, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളിലെല്ലാം ട്രംപാണ് ലീഡ് ചെയ്യുന്നത്. സ്വിംഗ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കാരളൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണ ഏഴും ട്രംപിനൊപ്പമാണ്.
അതേസമയം, നെബ്രാസ്‌കയില്‍നിന്ന് ഡെബ് ഫിഷര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ യു.എസ് പാര്‍ലമെന്റിന്റെ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിക്കഴിഞ്ഞു.
വിജയമുറപ്പിച്ചതിനു പിന്നാലെ ഡോണള്‍ഡ് ട്രംപ് ഫ്‌ളോറിഡയില്‍ അണികളെ അഭിസംബോധന ചെയ്തു. ഔദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.