തൃശൂര്‍: ശ്രീകേരളവര്‍മ്മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നാരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്‍.ബിന്ദുവിന്റെ കോലം കത്തിച്ചു. റീ കൗണ്ടിംഗ് നടത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മന്ത്രി ബിന്ദു കൂട്ടുനിന്നുവെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തി.
കേരളവര്‍മ കോളേജില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഇന്നലെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരുന്നു.
കേരളവര്‍മ്മ കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ജനാധിപത്യത്തിന് കളങ്കമേല്‍പ്പിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കേരളവര്‍മ്മ കോളേജിലെ മുന്‍ അധ്യാപിക കൂടിയായ ഡോ..ആര്‍ ബിന്ദു രാജിവെക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ ആവശ്യപ്പെട്ടു.
രാത്രിയുടെ മറവില്‍ കോളേജ് മാനേജ്‌മെന്റിനെ ഉപയോഗിച്ച് പോലീസിന്റെ സഹായത്തോടെ ഇടതുപക്ഷ അനുഭാവികളായ അധ്യാപകരെ അണിനിരത്തി ചെയര്‍മാന്‍ സ്ഥാനം തട്ടിയെടുക്കാന്‍ നേതൃത്വം കൊടുത്ത ഡോ.ബിന്ദുവിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരിക്കെയാണ്.കേരളവര്‍മ്മ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് റീപോളിംഗ് വേണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരന്തര സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കും.കെ.എസ്.യു. സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവിയറിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
നവംബര്‍ നാലിന് ശനിയാഴ്ച വൈകിട്ട് സമരപ്പന്തലില്‍ ശ്രീക്കുട്ടനും അലോഷ്യസ് സേവ്യറിനും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ മുന്‍കാലങ്ങളില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരായിരുന്നവരുടെ സംഗമം സംഘടിപ്പിക്കുമെന്നും ജോസ് വള്ളൂര്‍ അറിയിച്ചു..
കേരളവര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പട്ട് കെ. എസ്. യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഹൈക്കോടതിയെ സമീപിച്ചു.. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. പിന്നാലെ റീ കൗണ്ടിങില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു.