Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കെ-റെയില്‍ പാത തൃശൂരിൽ സോമിൽ റോഡ് പ്രദേശത്തും പൂങ്കുന്നത്തും കല്ലിട്ടു

തൃശൂര്‍: വിവാദമായ  കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (കെ-റെയില്‍) അര്‍ധ അതിവേഗ പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ആദ്യഘട്ടം തൃശൂരിൽ തുടങ്ങി.

ചൊവ്വാഴ്ച രാത്രി എത്തിയ ഉദ്യോഗസ്ഥർ സോമിൽ റോഡ് പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കല്ലുകൾ സ്ഥാപിച്ചു.  മഞ്ഞ നിറത്തിൽ പെയിൻറ് അടിച്ച് കല്ലുകളിൽ കെ – റെയിൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പൂങ്കുന്നതും ഇതുപോലെ കല്ലുകൾ സ്ഥാപിച്ചു.

തങ്ങളോട് ചോദിക്കാതെയാണ് കല്ലുകൾ സ്ഥാപിച്ചത് എന്ന് സ്ഥല ഉടമകൾ പറഞ്ഞു.

കെ – റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രവർത്തകർ കല്ലിട്ട പ്രദേശങ്ങളിൽ എത്തി പ്രതിഷേധിച്ചു.

സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ നീളത്തിലാണ് പാത നിര്‍മിക്കുന്നത്. പാത യാഥാര്‍ഥ്യമാകുന്നതോടെ കാസര്‍ക്കോട്ടുനിന്ന് നാല് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തെത്താം.
തൃശൂര്‍ ജില്ലയിലെ 35 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുക. തൃശൂര്‍ താലൂക്കിലെ 16 വില്ലേജുകള്‍ ഇതില്‍ ഉള്‍പ്പെടും.
തൃശൂര്‍ ജില്ലയിലെ തൃശൂര്‍, പൂങ്കുന്നം, വിയ്യൂര്‍, കുറ്റൂര്‍, പല്ലിശ്ശേരി, പേരാമംഗലം, ചൂലിശ്ശേരി, കൈപ്പറമ്പ്, കാടുകുറ്റി, അണ്ണല്ലൂര്‍, ആളൂര്‍, കല്ലേറ്റുംകര, കല്ലൂര്‍ തെക്കുമുറി, താഴെക്കാട്, കടുപ്പശ്ശേരി, മുരിയാട്, ആലത്തൂര്‍, ആനന്ദപുരം, മാടായിക്കോണം, പൊറത്തിശ്ശേരി, ഊരകം, ചേര്‍പ്പ്, ചൊവ്വൂര്‍, വെങ്ങിണിശ്ശേരി, കണിമംഗലം, കൂര്‍ക്കഞ്ചേരി, ചെമ്മന്‍തട്ടി, ചേരാനല്ലൂര്‍, ചൂണ്ടല്‍, ചൊവ്വന്നൂര്‍, എരനല്ലൂര്‍, പഴഞ്ഞി, പോര്‍ക്കളം, അഞ്ഞൂര്‍, അവനൂര്‍ എന്നീ വില്ലേജുകളിലൂടെ സില്‍വര്‍ ലൈന്‍ കടന്നുപോകും. ഇതില്‍ അഞ്ഞൂര്‍, അവനൂര്‍, ചേര്‍പ്പ്, ചേവൂര്‍, ചൂലിശ്ശേരി, കൈപ്പറമ്പ്, കണിമംഗലം, കൂര്‍ക്കഞ്ചേരി, ഊരകം, കുറ്റൂര്‍, പല്ലിശ്ശേരി, പേരാമംഗലം, പൂങ്കുന്നം, തൃശൂര്‍, വെങ്ങിണിശ്ശേരി, വിയ്യൂര്‍ എന്നീ വില്ലേജുകളാണ് തൃശൂര്‍ താലൂക്കിലുള്ളത്. ജില്ലയിലെ, തൃശൂര്‍, പൂങ്കുന്നം, കൂര്‍ക്കഞ്ചേരി വില്ലേജുകളില്‍ കല്ലിട്ടു.


തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോള്‍ കല്ലിടുന്നത്. പതിനൊന്നു  ജില്ലകളിലൂടെയാണ് സില്‍വര്‍ലൈന്‍ കടന്നു പോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടല്‍ ആരംഭിക്കും.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കുടുതല്‍ കല്ലിടല്‍ പൂര്‍ത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റര്‍ നീളത്തില്‍ 536 കല്ലുകള്‍ ഇവിടെ സ്ഥാപിച്ചു. ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, മാടായി വില്ലേജുകളിലാണ് കല്ലിടല്‍ പൂര്‍ത്തിയായത്. കുഞ്ഞിമംഗലം വില്ലേജില്‍ കല്ലിടല്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ആറ്റിപ്ര വില്ലേജ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കല്‍ വില്ലേജുകള്‍, എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ്, തിരുവാങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകള്‍ സ്ഥാപിച്ചു.   കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ വില്ലേജിലാണ് കല്ലിടല്‍ തുടങ്ങിയത്.

1961-ലെ കേരള സര്‍വ്വേ അതിരടയാള നിയമത്തിലെ 6 (1) വകുപ്പ് അനുസരിച്ച് സര്‍വേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടല്‍ പ്രവൃത്തി നടക്കുന്നത്. സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്‌പെഷല്‍ തഹസില്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

 
2013-ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം  അനുസരിച്ച് ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.

Photo Credit:  Twitter

Leave a Comment

Your email address will not be published. Required fields are marked *