തൃശൂര്‍: മുളങ്കുന്നത്തുകാവിലെ കിലയില്‍ ദേശീയ സ്ത്രീ നാടക ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയ അട്ടപ്പാടി ആദിവാസി ഊരിലെ കാടിന്റെ മക്കള്‍ക്ക് ഇറ്റ്‌ഫോക്ക് വിസ്മയാനുഭവമായി. സൈലന്റ്‌വാലിക്ക് സമീപം അട്ടപ്പാടി ചിണ്ടക്കി ഫസ്റ്റ് സൈറ്റ് എന്ന ഊരിലെ കെ.വിജയ, കെ.പുഷ്പ എന്നിവര്‍ പ്രത്യേക അതിഥികളായാണ് പഠനക്കളരിയുടെ ഭാഗമായി ഇറ്റ്‌ഫോക്കിനെത്തിയത്.
തപ്പും, തകിലും ഉള്‍പ്പെടെയുള്ള തുകല്‍വാദ്യങ്ങളുമായി ആദിവാസി തെരുവുകളില്‍ നൃത്തനാടകങ്ങള്‍ മാത്രം നടത്തി മാത്രമാണ് തങ്ങള്‍ക്ക് പരിചയമെന്ന് അവര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യത്തിനൊപ്പം പങ്കെടുത്തതിന്റെ ആഹ്ലാദത്തിനിടയിലാണ് കിലയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതെന്നും അവര്‍ പറഞ്ഞു. നഗരത്തില്‍ ഇറ്റ്‌ഫോക്കില്‍ നടത്തുന്ന നാടകാനുഭവങ്ങള്‍ തങ്ങളെ വിസ്മയിപ്പിച്ചു. ഏറെ സന്തോഷമുണ്ട്.
നാടകങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. ഫെബ്രുവരി 12 വരെയാണ് കിലയിലെ ശില്‍പശാല. രാവിലെയാണ് ക്ലാസ്. ഉച്ചയ്ക്ക് ശേഷം ഇറ്റ്‌ഫോക്കില്‍ നാടകങ്ങള്‍ കാണാനെത്തുമെന്നും അവര്‍ അറിയിച്ചു. തൃശൂര്‍ കേരളവര്‍മ്മ കോളേജിലടക്കം ആദിവാസി തെരുവുനാടകം അവതരിപ്പിച്ചിട്ടുണ്ടെന്നും, ഗോത്രകലാസംഘത്തിന്റെ കീഴിലാണ് ഗോത്രഭാഷയില്‍ തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചുവരുന്നതെന്നും അവര്‍ പറഞ്ഞു. കിലയില്‍ കിട്ടുന്ന പരിശീലനവും, ഇറ്റ്‌ഫോക്കില്‍ നിന്നുള്ള അനുഭവങ്ങളും തങ്ങള്‍ക്ക് സ്വന്തമായി നാടകം അവതരിപ്പിക്കുന്നതിനുള്ള പ്രേരണ നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു.