തൃശൂര്‍: നഗരത്തിലെ കൈരളി, ശ്രീ തിയേറ്ററുകളിലെ വെള്ളിത്തിരയില്‍
വെളിച്ചം അകന്നിട്ട് ഒന്നരവര്‍ഷത്തോളമായി. നവീകരണത്തിനായി അടച്ചിട്ട തിയേറ്ററില്‍ തിരശ്ശീലകള്‍ മിന്നിത്തെളിയാന്‍ ഇനിയും മാസങ്ങൾ സിനിമാസ്വാദകര്‍ കാത്തിരിക്കേണ്ടി വരും.
സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (കെ..എസ.്എഫ്.ഡി.സി) കൈരളി,ശ്രീ തിയേറ്ററുകളുടെ നടത്തിപ്പ്. 685 സീറ്റുള്ള കൈരളി തിയേറ്ററും, 383 സീറ്റുള്ള ശ്രീ തിയേറ്ററും നവീകരണത്തിന്റെ പേരില്‍ ഒന്നരവര്‍ഷം മുന്‍പാണ് അടച്ചിട്ടത്. രണ്ട് പതിറ്റാണ്ട് മുന്‍പ് തുടങ്ങിയ തിയേറ്ററില്‍ ഇതിനകം രണ്ട് തവണ നവീകരണത്തിന്റെ പേരില്‍ അടച്ചിട്ടതായി സിനിമാ പ്രേമികള്‍ പറയുന്നു. തിയേറ്ററുകള്‍ വൃത്തിയായി പരിപാലിക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. 1999-ലായിരുന്നു തിയേറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം.
ആധുനികരീതിയിലുള്ള ശബ്ദവിന്യാസത്തില്‍ (അക്കൗസ്റ്റിക് ) പ്രൊജക്ടര്‍, സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നതിന് ഒന്നരവര്‍ഷമെടുത്തിട്ടും കെ.എസ്.എഫ്.ഡി.സിക്ക് കഴിഞ്ഞിട്ടില്ല. നഗരത്തിലെ മറ്റ് തിയേറ്ററുകളില്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ഏതാനും മാസങ്ങള്‍ മാത്രമാണെടുത്തത്.
പുതുമുഖ സംവിധായകരുടെ കലാമേന്‍മയുള്ള സിനിമകള്‍ കൈരളി, ശ്രീ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട വിദേശചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫിലിം ഫെസ്റ്റിവെലുകളും ഇവിടെ നടത്തിയിരുന്നു.