കക്കുകളി’ നിരോധിക്കണം, അതിരൂപതയുടെ തൃശൂര്‍ കളക്ടറേറ്റ് മാര്‍ച്ചില്‍ അണി ചേര്‍ന്ന് ആയിരങ്ങള്‍
തൃശൂര്‍: പൗരോഹിത്യത്തെയും വിശ്വാസത്തെയും അവഹേളിക്കുന്ന ‘കക്കുകളി’ നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങി. നാടകം അവതരിപ്പിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. സ്്്ത്രീകളും, കുട്ടികളും അടക്കം പ്രകടനത്തിനിറങ്ങി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കളക്ടറേറ്റിലും പരിസരത്തും ശക്തമായ പോലീസ് സേന നിലയുറപ്പിച്ചിരുന്നു.
ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്ന കക്കുകളി നാടകം നിരോധിച്ചില്ലെങ്കില്‍ തങ്ങള്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഓര്‍മ്മിപ്പിച്ചു. മതത്തെ അവഹേളിക്കുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഉദാത്ത സേവനത്തിലൂടെ സമൂഹത്തിന് മാതൃകയായ മദര്‍ തെരേസയെപ്പോലുള്ളവരെ എടുത്തുകാണിക്കാതെ ചില പുഴുക്കുത്തുകളെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്ന് ക്രൈസ്തവ സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കും.
വിശ്വാസത്തിന് വേണ്ടി ജീവന്‍ ബലികൊടുത്തവരുടെ, ധീരരക്തസാക്ഷികളായവരുടെ ചുടുരക്തമാണ് ഞങ്ങളുടെ സിരകളിലുള്ളത്. പിപ്പിടി കാട്ടി ഞങ്ങളെ പിന്തിരിപ്പിക്കാന്‍ നോക്കേണ്ട. ക്രൈസ്തവ സമൂഹത്തെ ഒന്നാകെ അധിക്ഷേപിക്കുന്ന ‘കക്കുകളി’ നാടകം എതിര്‍ക്കപ്പെടണം. സര്‍ക്കാര്‍ അംഗീകാരത്തോടെ നാടകം അവതരിപ്പിക്കുന്നുവെന്നത് വേദനാജനകമാണ്. തിന്മയെ നന്മയാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ക്രൈസ്്തവ സമൂഹത്തിന്റെ ആശങ്കകള്‍ തിരസ്‌കരിക്കുന്നുവെന്ന് അദ്ദേഹം കൂറ്റപ്പെടുത്തി.
തൃശൂരില്‍ കഴിഞ്ഞ മാസം നടന്ന ഇറ്റ്‌ഫോക്കില്‍ ‘കക്കുകളി’ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത് അപലപനീയമാണ്. സര്‍ക്കാര്‍ ഫണ്ട് നല്‍കിയത് ക്രൈസ്്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
വിശ്വാസത്തിന് വേണ്ടി മരിക്കാന്‍ തയ്യാറായിട്ടുള്ളവരെ ഭയപ്പെടുത്താന്‍ നേക്കേണ്ട. ഇത് വിശ്വാസത്തിന്റെ മാത്രമല്ല, ഉയര്‍ത്തി പിടിക്കേണ്ട ചില മൂല്യങ്ങളുടെ പ്രശ്‌നം കൂടിയാണെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
അശ്ലീലവും മറ്റും നാടകമാക്കി അതിന് സര്‍ക്കാര്‍ ഫണ്ട് നല്‍കി പൊതു സമൂഹത്തിന് മുന്നി്ല്‍ അവതരിപ്പിച്ച് ക്രൈസ്്തവ സമുദായത്തെ മുഴുവന്‍ മോശമാക്കാന്‍ ശ്രമിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ രംഗത്തിറങ്ങുക തന്നെ ചെയ്യുമെന്ന് ബിഷപ്പ് അറിയിച്ചു.
വികാരി ജനറാള്‍ മോണ്‍ ജോസഫ് വല്ലൂരാന്‍, സി.ആര്‍.ഐ പ്രസിഡണ്ട് സിസ്റ്റര്‍ സോഫി പെരേപ്പാടന്‍, പി.ഐ.ലാസര്‍ മാസ്റ്റര്‍, മുന്‍ പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ബിജു കുണ്ടുകുളം, ജോഷി വടക്കന്‍, സിസ്റ്റര്‍ അഡ്വ.ജോസിയ, എം.പി.പോളി, സി.വി.കുര്യാക്കോസ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.