കീരവാണിക്കും, കാര്‍ത്തികിയ്ക്കും ഓസ്‌കാറിന്റെ കീര്‍ത്തിമുദ്ര
95-ാമത് ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ ഇന്ത്യയ്ക്ക് അഭിമാന ദിവസം, മികച്ച ഷോര്‍ട് ഡോക്യുമെന്ററി വിഭാഗത്തില്‍ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘ദി എലഫന്റ് വിസ്പറേഴ്‌സ്’ പുരസ്‌കാരം നേടി, കീരവാണിയുടെ സംഗീതസംവിധാനത്തില്‍ മികച്ച ഗാനത്തിനും പുരസ്‌കാരം
കൊച്ചി: ഭാരതത്തിന് അഭിമാനമായി 95-ാമത് ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ ഇന്ത്യക്ക് സിനിമയ്ക്ക് ചരിത്ര നേട്ടം. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ‘ആര്‍.ആര്‍.ആര്‍’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു…’ എന്ന ഗാനം നേടി. സംഗീത സംവിധാനം നിര്‍വഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. നേട്ടം ഇന്ത്യക്ക് സമര്‍പ്പിക്കുന്നതായി കീരവാണി പറഞ്ഞു. മൂന്ന് മിനിറ്റും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഗാനം രാഹുല്‍ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. എസ്.എസ് രാജമൗലി, രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എം.എം കീരവാണിയും ചന്ദ്രബോസും ചേര്‍ന്ന് ഏറ്റവും മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ മാറോടുചേര്‍ക്കുമ്പോള്‍ ദക്ഷിണേന്ത്യക്ക് അഭിമാനിക്കാനേറെ. പാശ്ചാത്യ സംഗീതത്തിലെ ഇതിഹാസ താരങ്ങളായ ലേഡി ഗാഗ, രിഹാന തുടങ്ങിയ വമ്പന്മാര്‍ മത്സരിക്കാനുണ്ടായിരുന്ന വേദിയിലാണ് അവര്‍ക്കും മുകളില്‍ ഇന്ത്യയുടെ സ്വന്തം ‘നാട്ടു നാട്ടു’ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്നത്.
മികച്ച ഗാനത്തിനായുള്ള അങ്കത്തില്‍ ലേഡി ഗാഗയുടെ ടോപ് ഗണ്‍: മാവറികിലെ ‘ഹോള്‍ഡ് മൈ ഹാന്‍ഡ്”, രിഹാനയുടെ ബ്ലാക് പാന്തര്‍: വാകന്‍ഡ ഫോറെവറിലെ ‘ലിഫ്റ്റ് മി അപ്’ എന്നിവയും എവരിതിങ് എവരിവേറിലെ ‘ദിസ് ഈസ് എ ലൈഫ്’, ടെല്‍ ഇറ്റ് ലൈക് എ വുമണിലെ ‘അപ്ലോസ്’ എന്നിവയുമാണ് നാട്ടു നാട്ടുവിനെതിരെ ഉണ്ടായിരുന്നത്. എന്നാല്‍, രാജ്യം കാത്തിരുന്ന സ്വപ്ന മുഹൂര്‍ത്തത്തില്‍ കീരവാണി സംഗീതം നല്‍കിയ ചന്ദ്രബോസിന്റെ വരികള്‍ ആദരിക്കപ്പെടുകയായിരുന്നു. മികച്ച ഡോക്യമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ദക്ഷിണേന്ത്യ ആദരമേറിയതിനു പിറകെയാണ് മികച്ച ഗാന പുരസ്‌കാരവുമെത്തുന്നത്.
കഴിഞ്ഞ ജനുവരിയില്‍ ഗോള്‍ഡന്‍ ഗ്ലോബിലും ‘നാട്ടു നാട്ടു’ ഒന്നാമതെത്തിയിരുന്നു. ഓസ്‌കര്‍ ചടങ്ങില്‍ ലോറന്‍ ഗോട്ട്‌ലീബ് ചുവടുവെച്ച് രാഹുല്‍ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവര്‍ ചേര്‍ന്ന് ഗാനം അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. അവതാരകയായി ദീപിക പദുകോണ്‍ വേദിയിലെത്തിയ ചടങ്ങില്‍ പേഴ്‌സിസ് ഖംബട്ട, പ്രിയങ്ക ചോപ്ര എന്നിവര്‍ ചേര്‍ന്ന് പരിചയപ്പെടുത്തി. വസ്ത്രാലങ്കാരത്തില്‍ ഭാനു അതയ്യ, സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍, ഗാനരചനയില്‍ ഗുല്‍സാര്‍, ശബ്ദമിശ്രണത്തില്‍ റസൂല്‍ പൂക്കുട്ടി എന്നിവരും ഇതിഹാസ സംവിധായകന്‍ സത്യജിത് റായ് എന്നിവരും മുമ്പ് ഓസ്‌കര്‍ നേടിയവരാണ്. പഴയ ബ്രിട്ടീഷ് കാല ജീവിതം പങ്കുവെക്കുന്ന രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ ലോകം മുഴുക്കെ ആദരം നേടിയ സിനിമയാണ്.
കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘ദി എലഫന്റ് വിസ്പറേഴ്‌സ്’ മികച്ച ഷോര്‍ട് ഡോക്യുമെന്ററി വിഭാഗത്തില്‍ പുരസ്‌കാരം നേടി. എന്നാല്‍, ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയുടെ ഓള്‍ ദാറ്റ് ബ്രീത്ത്‌സിന് പുരസ്‌കാരമില്ല. ഹോളിവുഡിലെ ഡോള്‍ബി തിയറ്ററിലാണ് ചടങ്ങ് നടക്കുന്നത്. റെഡ് കാര്‍പ്പറ്റിന് പകരം ഷാംപെയിന്‍ നിറത്തിലെ കാര്‍പ്പറ്റിലാണ് താരങ്ങളെ സ്വീകരിച്ചത്. കൊമേഡിയന്‍ ജിമ്മി കിമ്മല്‍ ആണ് പുരസ്‌കാരദാന ചടങ്ങിന്റെ അവതാരകന്‍. ദീപിക പദുകോണ്‍ അടക്കം പ്രമുഖരാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
കീരവാണി ഭാരതത്തിന്റെ അമൃതവാണി
കൊച്ചി: രാജ്യത്തിന്റെ അഭിമാനമായി എം എം കീരവാണി. ഒന്നര പതിറ്റാണ്ടിന് ഇപ്പുറം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയില്‍ എത്തിച്ച കീരവാണി വീണ്ടും വീണ്ടും ഇന്ത്യന്‍ സിനിമയെ ലോകത്തിന്റെ നെറുകയില്‍ കൊണ്ടെത്തിച്ചിരിക്കുന്നു.
1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിലാണ് കൊഡൂരി മരകതമണി കീരവാണിയെന്ന എം എം കീരവാണിയുടെ ജനനം. തെലുങ്ക് സംഗീത സംവിധായകന്‍ കെ ചക്രവര്‍ത്തി, മലയാളത്തിലെ രാജാമണി എന്നിവരുടെ സഹായിയായി 1987 കാലഘട്ടത്തില്‍ കീരവാണിയുടെ സിനിമാജീവിതം ആരംഭിക്കുന്നത്. 1990-ല്‍ കല്‍കി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ സിനിമ, തിയറ്റര്‍ കാണാതെ പെട്ടിയിലൊതുങ്ങി.
അതേ വര്‍ഷം തന്നെ ഇറങ്ങിയ മനസ്സു മമത എന്ന ചിത്രം കീരവാണിയെ ശ്രദ്ധേയനാക്കി. തൊട്ടടുത്ത വര്‍ഷം ക്ഷണാ ക്ഷണം എന്ന ചിത്രത്തിലെ ഗാനങ്ങളുടെ ജനപ്രീതി കീരവാണിയ്ക്ക് ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു മേല്‍വിലാസം നേടിക്കൊടുത്തു. വൈകാതെ തമിഴില്‍ നിന്നും കന്നടത്തില്‍ നിന്നും മലയാളത്തില്‍ നിന്നും അദ്ദേഹത്തിന് ക്ഷണമെത്തി.
1991-ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ കീരവാണിയുടെ സംഗീതം ആദ്യമായി മുഴങ്ങിയത്. പി കെ ഗോപിയെഴുതിയ ഗാനങ്ങള്‍ ശ്രദ്ധേയമായി. 1992-ല്‍ സൂര്യമാനസം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തിലെ ഗാനങ്ങള്‍ ആണ് കീരവാണി മലയാളത്തിന് നല്‍കിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം.
എം ഡി രാജേന്ദ്രന്‍ എഴുതിയ ഗാനങ്ങള്‍ എല്ലാം തന്നെ മധുരമാര്‍ന്ന ഈണം കൊണ്ട് ആസ്വാദകര്‍ക്ക് നവ്യാനുഭൂതിയാണ് നല്‍കിയത്. ഗുരുതുല്യനായി കീരവാണി കാണുന്ന രാജാമണിയുടെ ഈണത്തില്‍ മലയാളത്തില്‍ മാണിക്യചെമ്പഴുക്ക എന്ന ചിത്രത്തിന് വേണ്ടി സുജാതയ്‌ക്കൊപ്പം ‘മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ മാണിക്ക്യച്ചെമ്പഴുക്ക..’ എന്ന ഗാനവും കീരവാണി ആലപിച്ചിട്ടുണ്ട്. ഭാഷയ്ക്ക് അധീതമായി കീരവാണിയുടെ സംഗീതത്തെ ഇന്ത്യന്‍ ജനത ഏറ്റുപാടി. പ്രണയവും രതിയും വിരഹവുമെല്ലാം ആ അതുല്യ പ്രതിഭയുടെ വിരല്‍ തുമ്പില്‍ നിന്നും പിറന്നു. പഴയ തലമുറ മാത്രമല്ല പുതിയ തലമുറയും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഏറ്റുപാടി. ബാഹുബലി മുതല്‍ ആര്‍ആര്‍ആര്‍ വരെ നീളുന്ന സിനിമയിലെ പാട്ടുകളിലൂടെ പുതിയ തലമുറയ്ക്കും അദ്ദേഹം ഹരം പകര്‍ന്നു.
ഒടുവില്‍ ഒന്നര പതിറ്റാണ്ടിനിപ്പുറം ഇന്ത്യന്‍ മണ്ണിലേക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും അദ്ദേഹം എത്തിച്ചു. ലോക സംഗീതത്തിന് മുന്നില്‍ ഇന്ത്യയെ വാനോളം ഉയര്‍ത്തി അദ്ദേഹം. ഒടുവില്‍ ഏതൊരു സിനിമാ പ്രവര്‍ത്തകനും സ്വപ്നം കാണുന്ന ഓസ്‌കര്‍ പുരസ്‌കാരവും കീരവാണിയിലൂടെ രാജ്യത്തേക്ക് എത്തി. മലയാളത്തിലോ തെലുങ്കിലോ തമിഴിലോ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല കീരവാണി മാജിക്. ഭാഷയ്ക്ക് അതീതമായി, മനുഷ്യ മനസിനെ കീഴടക്കി അത് യാത്ര ചെയ്തു കൊണ്ടേയിരിക്കും.