കൊച്ചി: ചലച്ചിത്ര, സീരിയല്‍,മിമിക്രി കലാകാരന് കലാഭവന്‍ നവാസ് (51) അന്തരിച്ചു. ഇന്ന് വൈകീട്ടോടെ ചോറ്റാനിക്കരയിലെ ലോഡ്ജില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകീട്ട് നവാസ് ലോഡ്ജിലെ മുറി ഒഴിയേണ്ടതായിരുന്നു. ഇതിനായി റൂം ബോയ്് എത്തിയപ്പോഴായിരുന്നു നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവാസ് ബോധരഹിതനായി തലയില്‍ വീണുകിടക്കുകയായിരുന്നു. കഴിഞ്ഞ മാസം 25നായിരുന്നു നവാസ് ഇവിടെ മുറിയെടുത്തത്.
‘പ്രകമ്പനം’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഷൂട്ടിംഗിന് വേണ്ടിയാണ് ലോഡ്ജി മുറിയെടുത്തിരുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥിക നിഗമനം. ചോറ്റാനിക്കര ഗവ.ഹൈസ്കൂളിനടുത്തുള്ള വൃന്ദാവന്‍ ഹോട്ടലിലായിരുന്നു നവാസ് മുറിയെടുത്തിരുന്നത്. തൂശൂര്‍ വടക്കാഞ്ചേരി സ്വദേശി ചലച്ചിത്ര നാടക നടന് അബൂബക്കറാണ് നവാസിന്റെ പിതാവ്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും നവാസ് സജീവമായിരുന്നു.മിമിക്രി ഷോകളിലൂടെയാണ് നവാസ് പേരെടുത്തത്. നാല്പതോളം സിനിമകളില്‍ നവാസ് വേഷമിട്ടു. ഗായകന് എന്ന നിലയിലും തിളങ്ങി. 1995-ല്‍ ചൈതന്യം എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. നവാസിന് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്ന്് സുഹൃത്ത് രമേഷ് പിഷാരടി പറഞ്ഞു.