Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കോഴിക്കോട് കാശ്യപ ആശ്രമം കേന്ദ്രമാക്കി ലക്ഷങ്ങളുടെ ക്രൗഡ് ഫണ്ടിംഗ് തട്ടിപ്പ് നടന്നതായി പരാതി

കൊച്ചി: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാശ്യപ ആശ്രമം കേന്ദ്രമാക്കി ലക്ഷങ്ങളുടെ  ക്രൗഡ് ഫണ്ടിംഗ്  തട്ടിപ്പ് നടന്നതായി പരാതി. ആശ്രമത്തിലെ മുന്‍ ജീവനക്കാരനാണ് തെളിവുകള്‍ സഹിതം തട്ടിപ്പിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.  തന്റെ ഹൃദയരോഗ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗിനലൂടെ പിരിച്ച പണത്തില്‍ തട്ടിപ്പ് നടത്തിയെന്നാണ് മുന്‍ ജീവനക്കാരനായ രാജന്‍.സി.നടേരിയുടെ ആരോപണം.

ആശ്രമത്തിലെ ജീവനക്കാരനായിരുന്ന രാജന് കഴിഞ്ഞ വര്‍ഷമായിരുന്നു ഹൃദയാഘാതം ഉണ്ടായത്. രണ്ട് ശസ്ത്രക്രിയകള്‍ക്കായി കുറഞ്ഞത് അഞ്ച് ലക്ഷം രൂപ വേണ്ടി വരുമെന്ന് പറഞ്ഞാണ് ആശ്രമം ചികിൽസ സഹായം ബന്ധപ്പെട്ടവരിൽ നിന്ന് ആവശ്യപ്പെട്ടത്‌. ആശ്രമത്തിലെ ശിഷ്യരില്‍ നിന്നും വേദം പഠിക്കാന്‍ എത്തിയവരില്‍ നിന്നുമാണ് ആശ്രമത്തിന്റെ അക്കൗണ്ട് വഴി ചികിത്സാസഹായം സ്വീകരിച്ചതെന്ന് രാജന്‍ പരാതിയില്‍ പറയുന്നു. ലക്ഷങ്ങള്‍ ചികിത്സാസഹായമായി ആശ്രമം അധികൃതര്‍ സ്വീകരിച്ചുവെങ്കിലും പണം തനിക്ക് കൈമാറിയിട്ടില്ലെന്നും രാജന്‍ പറഞ്ഞു. ക്രൗഡ് ഫണ്ടിംഗ് രീതിയിലൂടെയായിരുന്നു ചികിത്സാധനസമാഹരണം. ക്രൗഡ് ഫണ്ടിംഗിന് തന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല. 

എന്നാല്‍ തനിക്കാവശ്യമായി വന്ന ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് പണം ലഭിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ  ആയുഷ്മാന്‍ ഭാരത് എന്ന് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നാണെന്ന് രാജന്‍ നടേരി  പറഞ്ഞു. മലബാര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ശസ്ത്രക്രിയ നടന്നത്. 

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്ന് തനിക്ക് ചികിത്സാ സഹായം ലഭ്യമാകുന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് ആശ്രമം അധികൃതര്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിച്ചത് എന്നും സമാഹരിച്ച പണം തനിക്ക് ലഭ്യമായിട്ടില്ലെന്നും രാജന്‍ നടേരി പറയുന്നു. നടേരിക്ക് ലഭിച്ച ചികിത്സാസഹായം പലതവണകളായി അദ്ദേഹത്തിന് കൈമാറിയിട്ടുണ്ടെനാണ് ആശ്രമം അധികൃതർ പറയുന്നത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആശ്രമം സമാഹരിച്ച പണത്തിന്റെ  വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല എന്നത് തട്ടിപ്പ് വ്യക്തമാക്കുന്നു എന്ന് നടേരി പറഞ്ഞു. 

കൂടാതെ ഈ വിഷയം ഉന്നയിച്ചതിന്റെ പേരില്‍ ശസ്ത്രക്രിയയ്ക്കുശേഷം ആശ്രമത്തിലെ ജോലിയില്‍ തിരികെ പ്രവേശിച്ച തനിക്ക് അമിത ജോലിഭാരം നല്‍ക്കുകയും പിന്നീട് ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു എന്നും നടേരി ആരോപിക്കുന്നു. തനിക്ക് നീതി ലഭിക്കണമെന്നും, ആശ്രമത്തിന്റെ ധനസമാഹരത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് രാജന്‍.നടേരി കോഴിക്കോട് സിറ്റി പോലീസ കമ്മീഷണര്‍ക്ക് പരാതി നല്‍കി. 

Photo Credit: You Tube

Leave a Comment

Your email address will not be published. Required fields are marked *