എസ്ഡിപിഐക്ക് വലിയ സ്വാധീനമുള്ള ഈരാറ്റുപേട്ട പോലുള്ള കേന്ദ്രങ്ങളിൽ അക്രമണങ്ങൾ തടയാൻ വേണ്ടത്ര പോലീസുകാരെ നിയോഗിക്കാഞ്ഞത് തീവ്രവാദ സ്വഭാവം കാണിക്കുന്ന എസ്ഡിപിഐ പോലുള്ള സംഘടനകളെക്കുറിച്ച് കാര്യമായ ഇന്റലിജൻസ് വിവരങ്ങളോ അവരെ വരുതിയിൽ നിർത്താനുള്ള ക്രമീകരണങ്ങളോ കേരള പോലീസിന് ഇല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു….
കൊച്ചി: ഹൈക്കോടതി നിയമവിരുദ്ധവും കോടതി അലക്ഷ്യവും എന്ന് ചൂണ്ടിക്കാണിച്ച പോപ്പുലർ ഫ്രണ്ട് – എസ്.ഡി.പി.ഐ ഹർത്താലിൽ കേരളത്തെ നടുക്കി പരക്കെ ആക്രമണങ്ങൾ.
മുഖം മറിച്ച് സൈന്യത്തിന് നേരെ കല്ലെറിയുന്ന ‘കാശ്മീർ മോഡൽ ‘ കേരളത്തിലും ഇന്ന് പ്രകടമായി. മുഖം മറിച്ച് ബൈക്കുകളിൽ എത്തിയ അക്രമകാരികൾ തുറന്ന കടകളുടെ ചില്ലുകൾ കല്ലെറിഞ്ഞും ഇരുമ്പു വടികൾ ഉപയോഗച്ചും തകർത്തു.
എസ്ഡിപിഐക്ക് വലിയ സ്വാധീനമുള്ള ഈരാറ്റുപേട്ട പോലുള്ള കേന്ദ്രങ്ങളിൽ അക്രമണങ്ങൾ തടയാൻ വേണ്ടത്ര പോലീസുകാരെ നിയോഗിക്കാഞ്ഞത് തീവ്രവാദ സ്വഭാവം കാണിക്കുന്ന എസ്ഡിപിഐ പോലുള്ള സംഘടനകളെക്കുറിച്ച് കാര്യമായ ഇന്റലിജൻസ് വിവരങ്ങളോ അവരെ വരുതിയിൽ നിർത്താനുള്ള ക്രമീകരണങ്ങളോ കേരള പോലീസിന് ഇല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു.
കണ്ണൂരിൽ പെട്രോൾ ബോംബ് കൊണ്ടുള്ള അക്രമണവും ഹർത്താൽ ദിനത്തിൽ ജനങ്ങളുടെ ഭീതി കൂട്ടി.തുറക്കുന്ന കടകൾ പ്രവർത്തിക്കാൻ പോലീസ് സംരക്ഷണം നൽകുമെന്ന് ഡിജിപിയുടെ പ്രസ്താവന പാഴ്വാക്കായി. അമ്പതിലധികം കെഎസ്ആർടിസി ബസ്സുകൾ സമരക്കാർ കേരളത്തിലുടനീളം തകർത്തു. അരകോടി രൂപയോളം നാശനഷ്ടങ്ങൾ കെഎസ്ആർടിസിക്കുണ്ടായി എന്നാണ് വിവരം.
ശമ്പളം കൃത്യമായി കൊടുക്കാൻ വകയില്ലതെ കടക്കെണിയിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി തങ്ങളുടെ ബസ്സുകൾ തകർക്കരുതെന്ന് സാമൂഹിക മാധ്യമങ്ങളിലുള്ള സ്ഥാപനത്തിൻറെ ഔദ്യോഗിക പേജിൽ പോസ്റ്റിട്ട് കേണപേക്ഷിച്ചു.
കൊല്ലം പള്ളിമുക്കിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ ഹർത്താൽ അനുകൂലികളെ തടയുന്നതിനിടയിൽ സീനിയർ സിപിഒ ആന്റണിക്കും മറ്റൊരു പോലീസുകാരനെയും ബൈക്കുകൊണ്ട് ഇടിച്ചു വീഴ്ത്തി പരിക്കേൽപിച്ചു. കോഴിക്കോട് നിർത്തിയിട്ടിരിക്കുന്ന ലോറിക്ക് നേരെയുള്ള കല്ലേറിൽ ഡ്രൈവറായ ജിനു ഹബീബുള്ളയുടെ മൂക്കിൻറെ പാലം തകർന്നു. ചില്ലുതരികൾ കണ്ണിൽ തറച്ചു. ആദ്യം ബീച്ച് ഹോസ്പിറ്റലിൽ എത്തിച്ച ഹബീബുള്ളയെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ്റ്റാൻഡിൽ ബസ് സർവീസുകൾക്ക് സംരക്ഷണം നൽകാതെ നിഷ്ക്രിയരായി നിന്ന പോലീസുകാരോട് വൃദ്ധയായ ഒരു സ്ത്രീ പാവങ്ങളായ തന്നെപ്പോലുള്ളവർക്ക് ജോലിക്ക് പോകുവാൻ സൗകര്യമൊരുക്കണം എന്നു പറഞ്ഞ് തട്ടിക്കയറിയതും ശ്രദ്ധേയമായി.
രണ്ടുമണിക്കൂറാണ് എസ്ഡിപിഐ പ്രവർത്തകർ കാട്ടാക്കട കെഎസ്ആർടിസി ബസ്റ്റാൻഡിൽ ബസുകൾ തടഞ്ഞിട്ടത്. സ്ത്രീയുടെ ശക്തമായ പ്രതികരണത്തിന് ശേഷം പോലീസ് സഹായത്തോടെ കാട്ടാക്കട സ്റ്റാൻഡിൽ നിന്ന് ചില കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്തി.
ആക്രമണങ്ങൾ വർദ്ധിച്ചുവന്ന സാഹചര്യത്തിൽ കെഎസ്ആർടിസി ഡ്രൈവർമാർ ഹെൽമറ്റ് വച്ച് ബസ് ഓടിക്കുവാൻ തുടങ്ങി. പല ഡിപ്പോകളിലും സർവീസ് നിർത്തിവെച്ചു.യാത്രക്കാരെ ആദ്യനിരയിലെ സീറ്റുകളിൽ നിന്ന് പിൻ സീറ്റിലേക്ക് മാറ്റിയിരുത്തി ചില ബസ്സുകൾ സർവീസുകൾ നടത്തി.
കണ്ണൂർ ഉള്ളിയിൽ പത്ര വിതരണക്കാരന്റ സ്കൂട്ടറിന് നേരെ പെട്രോൾ ബോംബറിഞ്ഞു. കല്യാശ്ശേരിയിലും സമാനമായ ആക്രമണം ഉണ്ടായി. കണ്ണൂർ ശിവപുരത്ത് ആർഎസ്എസ് ഓഫീസിനു നേരെയും പെട്രോൾ ബോംബ് എറിഞ്ഞു.
തൃശ്ശൂർ തളിക്കുളത്ത് കല്ലേറിൽ കെഎസ്ആർടിസി ഡ്രൈവർക്ക് പരിക്കേറ്റു. പുന്നയൂരിൽ ആംബുലൻസ് ആക്രമിക്കപ്പെട്ടു.തിരുവനന്തപുരത്ത് കുമരി ചന്തയിൽ വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനം സമരാനുകൂലികൾ ആക്രമിച്ചു. വിമാനത്താവളത്തിൽ കൃത്യസമയത്ത് എത്തേണ്ടതിനാൽ കയ്യിലെ പരിക്കേറ്റ ഡ്രൈവർ പരിക്കുകളുമായി യാത്ര തുടർന്നു. ഇരുപതോളം പോലീസുകാർ എസ്ഡിപിഐ സ്വാധീന മേഖലയായ കുമരിച്ചന്തയിൽ ഉണ്ടായിരുന്നെങ്കിലും അമ്പതോളം വരുന്ന ഹർത്താൽ അനുകൂലികൾക്ക് മുന്നിൽ പോലീസ് നിഷ്ക്രിയരായി നോക്കി നിന്നു.
സമരാനുകൂലികളുടെ നിരന്തരമുള്ള ഭീഷണിയിൽ പൊറുതിമുട്ടി ഉച്ചതിരിഞ്ഞ് കണ്ണൂർ പയ്യന്നൂർ ടൗണിൽ ഹോട്ടൽ അടപ്പിക്കാൻ എത്തിയ നാല് എസ്ഡിപിഐ പ്രവർത്തകരെ നാട്ടുകാർ വളഞ്ഞിട്ട് തല്ലി. പോലീസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
രാമന്തളി, വടക്കുമ്പാട് തുടങ്ങിയ കണ്ണൂരിലെ എസ്ഡിപിഐ സ്വാധീന മേഖലകളിൽ നിന്ന് പയ്യന്നൂരിൽ എത്തിയ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്. കണ്ണൂരിൽ നിന്ന് മൂന്ന് പെട്രോൾ ബോംബുകളും കല്ലുകളും അടങ്ങുന്ന സഞ്ചിയുമായി ഒരു എസ്ഡിപിഐ പ്രവർത്തകനെ പോലീസ് ഓടിച്ചിട്ട് പിടിച്ചു.
ഏഴു ദിവസം മുൻപ് പണിമുടക്കലിന് (ഹർത്താലിന്) നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് PFI -SDPI ഹർത്താൽ എന്ന് കേരള ഹൈക്കോടതി പറഞ്ഞു. ഹർത്താൽ ആക്രമണങ്ങളിൽ വരുത്തിയ നാശനഷ്ടങ്ങൾക്ക് ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും കോടതി സർക്കാരിന് നിർദേശം നൽകി.
ഹർത്താൽ ദിനം ഉച്ചതിരിഞ്ഞ് എസ്ഡിപിഐ പ്രവർത്തകർ പലയിടങ്ങളിലും തുറന്ന കടകൾ നോക്കി ബൈക്കുകളിൽ റോന്ത് ചുറ്റിയതും കേരള സമൂഹത്തിന് പുതിയ ഹർത്താൽ അനുഭവമായി.