തൃശൂര്‍: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം തുറക്കുമെന്ന് ഉറപ്പായിരിക്കേ സ്‌കൂള്‍ വാഹനങ്ങളുടെ കാര്യത്തില്‍ സര്‍വത്ര ആശയക്കുഴപ്പം. ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കായി പകുതിയില്‍ കുറവ്് സ്‌കൂള്‍ വാഹനങ്ങള്‍ മാത്രമാണ് എത്തിയത്. പരിശോധന 28 വരെ നീട്ടിയിട്ടുണ്ട്.
ജില്ലയില്‍ മാത്രം ചുരുങ്ങിയത്് 1,250 സ്‌കൂള്‍ വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ബുധനാഴ്ച വരെ 460 വാഹനങ്ങള്‍ മാത്രമാണ് പരിശോധനയ്ക്ക്് എത്തിയത്. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാന്‍ ഓരോ സ്‌കൂളിലേക്കും പോകാന്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതിനാല്‍ സ്‌കൂള്‍ വാഹനങ്ങള്‍ അതതു പ്രദേശത്തെ ഗ്രൗണ്ടുകളിലെത്തിച്ചാണ് പരിശോധിച്ചത്.
ഇരുപത് മാസത്തിലധികമായി നിരത്തിലിറക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ നല്ലൊരു ശതമാനവും നാമാവശേഷമായ നിലയിലാണ്.
കോവിഡ് ദുരിതം വിതച്ച സാഹചര്യത്തി്ല്‍ വാഹനയാത്രയ്ക്ക് കൂടുതല്‍ പണം നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാകില്ല.
ഇപ്പോള്‍ തന്നെ തങ്ങളുടെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കണമോ എന്ന കാര്യത്തില്‍ മാതാപിതാക്കള്‍ തീരുമാനമൊന്നും എടുത്തിട്ടില്ല.
ബുധനാഴ്ച വരെ ഏറ്റവും കൂടുതല്‍ സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധനയ്ക്കെത്തിയത് തൃശൂര്‍ ആര്‍.ടി.ഒ കേന്ദ്രത്തിലായിരുന്നു. ഇവിടെ മാത്രം 450 സ്‌കൂള്‍ വാഹനങ്ങള്‍ ഉള്ളതില്‍ 200 വാഹനങ്ങള്‍ പരിശോധനയ്ക്ക് എത്തി. ഏറ്റവും കൂറവ് വാഹനങ്ങളുടെ പരിശോധന ഗുരുവായൂരിലായിരുന്നു. കൊടുങ്ങല്ലൂരില്‍ 67ഉം, വടക്കാഞ്ചേരിയില്‍ 60ഉം വാഹനങ്ങള്‍ പരിശോധിച്ചു. മഴ മാറിനിന്നാല്‍ കൂടുതല്‍ വാഹനങ്ങള്‍ പരിശോധനയ്ക്ക് എത്തുമെന്നാണ് ആര്‍.ടി.ഒ അധികൃതരുടെ പ്രതീക്ഷ.
Photo Credit: Face Book