Watch Video here….
ഇതാദ്യമായി കുമ്മാട്ടി വേഷമിട്ട് സ്ത്രീകളും, ദമ്പതിമാരും, കുമ്മാട്ടിയുത്സവത്തില്‍ പുതുമയുമായി കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി സംഘം
തൃശൂര്‍: 74 വര്‍ഷത്തെ ചരിത്രമുള്ള കുമ്മാട്ടിയുത്സവത്തില്‍ ചരിത്രമായി വനിതാകുമ്മാട്ടിക്കൂട്ടവും. കിഴക്കുംപാട്ടുകരയിലെ ദേശകുമ്മാട്ടി മഹോത്സവത്തിലാണ് ആദ്യമായി സ്ത്രീകളും കുമ്മാട്ടി വേഷം അണിഞ്ഞത്.
കേരള ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് സ്ത്രീകള്‍ കുമ്മാട്ടി വേഷം കെട്ടുന്നതെന്ന്്് സംഘാടകര്‍ അവകാശപ്പെട്ടു. ഓണക്കാലത്ത് നടക്കുന്ന ദേശ കുമ്മാട്ടി മഹോത്സവങ്ങളില്‍ കേരളത്തില്‍ ചിട്ടയോടെ കെങ്കേമമായി കുമ്മാട്ടി ഉത്സവം നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കിഴക്കുംപാട്ടുകര. ശിവ പാര്‍വതിമാരോടും കൈലാസത്തിലെ ഭൂതഗണങ്ങളോടും ബന്ധപ്പെട്ടു കിടക്കുന്നതാണ് കുമ്മാട്ടിയുടെ വിശ്വാസ സങ്കല്പം. കുമ്മാട്ടിവേഷത്തിന് വരിഞ്ഞുകെട്ടാന്‍ .പര്‍പ്പടകപ്പുല്ലും ,മരത്തില്‍ കൊത്തിയുണ്ടാക്കിയ മുഖാവരണങ്ങളും അണിഞ്ഞ് ദേവ നൃത്തം കലാകാരന്മാര്‍ക്കൊപ്പം നാഗസ്വരക്കാരുടെ താളത്തിനൊപ്പം വനിതാ കുമ്മാട്ടികള്‍ ചുവടുവെച്ചത് ദേശക്കാരില്‍ ആവേശം ഉണര്‍ത്തി. ഇത്തവണ അന്‍പതിലധികം കുമ്മാട്ടികള്‍ അണിനിരന്നു.
സഹോദരിമാരായ സനിതക്കും, സബിതക്കുമൊപ്പം അതേ ദേശക്കാരിയായ സുനിതയും കൂടിയതായിരുന്നു ചരിത്രം കുറിച്ച വനിതാ കുമ്മാട്ടിക്കൂട്ടം. സനിതയ്‌ക്കൊപ്പം ഭര്‍ത്താവായ അജേഷും കുമ്മാട്ടി വേഷം കെട്ടിയത് ശ്രദ്ധേയമായി.
കിഴക്കുംപാട്ടുകര പനമുക്കുംപ്പിള്ളി ക്ഷേത്രാങ്കണത്തില്‍ വച്ചാണ് പര്‍പ്പടകപ്പുല്ല് വച്ചു കെട്ടിയാണ് വടക്കുംമുറിദേശ കുമ്മാട്ടികള്‍ ഒരുങ്ങിയത്. ക്ഷേത്രത്തെ ഒരുതവണ വലം വച്ച് കുമ്മാട്ടി സംഘം ദേശം പര്യടനത്തിനിറങ്ങി.
കൂടുതല്‍ സ്ത്രീകള്‍ കുമ്മാട്ടികളാകുവാനും മേളക്കാരാവാനും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അടുത്ത വര്‍ഷം നടക്കുന്ന 75-ാം ദേശ കുമ്മാട്ടി മഹോത്സവം അതിവിപുലമായി നടക്കുമ്പോള്‍ വനിത കുമ്മാട്ടികളുടെ പങ്കാളിത്തം കൂടുമെന്ന് വടക്കുംമുറി കുമ്മാട്ടി കമ്മിറ്റിയുടെ അധ്യക്ഷന്‍ സുരേന്ദ്രന്‍ ഐനിക്കുന്നത് പറഞ്ഞു. മുപ്പതാമത്തെ വര്‍ഷം ദേശകുമ്മാട്ടി ഉത്സവത്തില്‍ കുമ്മാട്ടി വേഷമിടുന്ന ശ്രീനിയെ കമ്മിറ്റി ഭാരവാഹികള്‍ അഭിനന്ദിച്ചു.
കിഴക്കുംപാട്ടുകരയിലെ ഈ വര്‍ഷത്തെ കുമ്മാട്ടി മഹോത്സവത്തില്‍ ഏഴു ക്ലബ്ബുകളാണ് പങ്കെടുത്തത്. അമ്പതിന് മുകളില്‍ കുമ്മാട്ടികളും ദേവ നൃത്തക്കാരും, നാഗസ്വരവും, തെയ്യവും, തിറയാട്ടവും മേളവും, നാടന്‍ കലാരൂപങ്ങളും പ്രച്ഛന്നവേഷങ്ങളും, ടാബ്ലോകളും കുമ്മാട്ടി മഹോത്സവത്തിന് മാറ്റേകി.