തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ താന്‍ തെറ്റായതൊന്നും പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കണ്ടകാര്യങ്ങളെല്ലാം മൊഴിയായി നല്‍കുമെന്ന് തിരൂര്‍ സതീഷ് പറഞ്ഞു. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണെന്ന് സതീഷ് വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തും.
പാര്‍ട്ടിക്ക് നല്ല നേതൃത്വം വേണം. ആരോപണങ്ങള്‍ക്ക് ഇതുവരെ പാര്‍ട്ടി നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. പകരം വ്യക്തിഹത്യ നടത്തുന്നുവെന്ന് സതീഷ് പറയുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞതിന് പിന്നില്‍ ലക്ഷ്യങ്ങളില്ല. സംഘടനയെ ദുര്‍ബലപ്പെടുത്തുന്നതിനോ പ്രതിരോധത്തിലാക്കാനോ അല്ല. സത്യങ്ങള്‍ വിളിച്ച് പറയാന്‍ പ്രത്യേക സമയങ്ങളില്ല. മനസ് പാകപ്പെട്ടെന്ന് ബോധ്യമായപ്പോള്‍ തുറന്നുപറഞ്ഞുവെന്ന് സതീഷ് പറയുന്നു.
പണം വന്നതും പോയ വഴികളും പൊലീസിനോട് പറയും. താന്‍ പറയുന്നതില്‍ സത്യസന്ധയുണ്ടോ ഇല്ലെയെന്ന് പൊതുജനത്തിന് മനസിലാകുമെന്ന് സതീഷ് പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ എന്തിനാണ് ബേജാറാകുന്നതെന്ന് അറിയില്ലെന്ന് അദ്ദേഹം പറയുന്നു. തനിക്ക് ഒരു ബേജാറും ഇല്ല. പുറത്തുവിട്ട ഫോട്ടോ വ്യാജമല്ല. ശോഭയുടെ വീട് മാധ്യമങ്ങള്‍ പരിശോധിക്കട്ടേയെന്ന് സതീഷ് പറഞ്ഞു.
താന്‍ ഒരു കാരണവശാലും ശോഭയുടെ പേര് പറഞ്ഞിട്ടില്ല. തന്നെ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് ശോഭയുടെ പേര് പറയേണ്ടിവന്നത്. അറിയാത്ത കാര്യങ്ങളില്‍ ശോഭാ സുരേന്ദ്രന്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സതീഷ് പറഞ്ഞു. ശോഭാ സുരേന്ദ്രനുമായി താന്‍ നല്ല അടുപ്പത്തിലാണെന്നും, ശോഭയെ തൃശൂര്‍ ജില്ലാ ഓഫീസിലേക്ക് കടത്തരുതെന്ന തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത് പോലും താനാണെന്നും സതീഷ് പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ ഇറങ്ങിയ ശേഷമാണ് ശോഭ തന്റെ വീട്ടില്‍ വരുന്നത്.’ ഇത്രയും കൂടെ നിന്നിട്ട് എന്തിനാണ് തന്നെ തള്ളിപ്പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.
തനിക്ക് ഭീഷണികള്‍ ഉണ്ടെന്നും വീടിന് മുന്നില്‍ പൊലീസ് സുരക്ഷയുണ്ടെന്നും സതീഷ് പറഞ്ഞു. ഇതെല്ലാം പറഞ്ഞതുകൊണ്ട് പാര്‍ട്ടി തനിക്ക് തരുന്ന ശിക്ഷ എന്തെണെങ്കിലും സ്വീകരിക്കാന്‍ തയ്യാറാണ്. കേസ് നല്‍കിയും, കായികപരമായി നേരിട്ടും തന്നെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും തന്നെ ഇല്ലാതെയാകാന്‍ ആഗ്രഹിക്കുന്നവരുടെ പേരുവിവരങ്ങള്‍ കുടുംബത്തെ മുന്‍പേ അറിയിച്ചിട്ടുണ്ടെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയെ സമീപിക്കും. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.