തൃശൂര്‍: അഞ്ചു പതിറ്റാണ്ടിലധികം കാലം തൃശൂര്‍ പൂരത്തിന് അഴകാര്‍ന്ന സാന്നിധ്യമായിരുന്ന ശങ്കരംകുളങ്ങര മണികണ്ഠന്‍ ഇനി ഓര്‍മ മാത്രം. പിന്നിട്ട പതിറ്റാണ്ടുകളില്‍ തിരുവമ്പാടി ദേവസ്വത്തിന് വേണ്ടിയാണ് ശങ്കരംകുളങ്ങര മണികണ്ഠന്‍ തൃശൂര്‍ പൂരത്തിനായി അണിനിരന്നത്. അപൂര്‍വം അവസരങ്ങളില്‍ തിടമ്പേറ്റിയതും മണികണ്ഠനായിരുന്നു. പ്രസിദ്ധമായ മഠത്തില്‍വരവ് എഴുന്നള്ളിപ്പിന് ബ്രഹസ്വം മഠത്തിലേക്കുള്ള എഴുന്നള്ളിപ്പിലും മണികണ്ഠന്‍ പങ്കാളിയായി.
കുട്ടിയായിരിക്കുമ്പോള്‍ തന്നെ നിലമ്പൂര്‍ കോവിലകത്തിന്റെ വരിക്കുഴിയില്‍ വീണ മണികണ്ഠനെ ശങ്കരംകുളങ്ങര ദേവസ്വത്തിന്റെ ആവശ്യപ്രകാരം കോവിലകം ക്ഷേത്രത്തിനു കൈമാറുകയായിരുന്നു. ആ അഞ്ചു വയസ്സിനടുത്തു പ്രായമുള്ള കുസൃതികുറുമ്പനായ മണികണ്ഠനെ ക്ഷേത്രത്തില്‍ നടയിരുത്തി. തൃശൂരിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ സ്വന്തമായുള്ള ആന എന്ന സങ്കല്‍പ്പത്തിന് തന്നെ തുടക്കക്കാരനായ കൊമ്പന്‍ എന്ന ബഹുമതി ശങ്കരംകുളങ്ങര മണികണ്ഠനായിരുന്നു.
തിരുവമ്പാടി ക്ഷേത്രത്തിന്റെ പറ അടിയന്തരത്തിലും മതപരമായ ചടങ്ങുകള്‍ക്കും ക്ഷേത്ര ആവശ്യങ്ങള്‍ക്കും കുട്ടിക്കൊമ്പനായ മണികണ്ഠനെ ഉപയോഗിച്ചു വന്നിരുന്നു.