തൃശൂര്‍: അരങ്ങില്‍ കരുതലും, കരുത്തുമായി കലാകാരികള്‍ കൂടെ നിന്നപ്പോള്‍ സംഘനൃത്തത്തില്‍ സൂര്യതേജസ്സായി പതിനെട്ടുകാരി എസ്. സൂര്യ തിളങ്ങി. പരിക്കിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ട വലതുകൈയുമായി നടത്തറ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പിലെ സൂര്യ സംഘനൃത്തത്തില്‍ അണിചേര്‍ന്നത് അതിജീവനത്തിന്റെ ആത്മധൈര്യവുമായാണ്.
കുടുംബശ്രീ സംസ്ഥാന കലോത്സവത്തിലെ സംഘനൃത്തം ജൂനിയര്‍ വിഭാഗത്തിലായിരുന്നു മത്സരം. ഏഴ് പേരടങ്ങിയ ഗ്രൂപ്പില്‍ പരിക്കിനെ തുടര്‍ന്ന് സൂര്യ പിന്‍മാറിയിരുന്നെങ്കില്‍ മത്സരത്തില്‍ സംഘനൃത്തം ജൂനിയര്‍ വിഭാഗത്തില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് ഇവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല.
എസ്.എഫ്.ഐ മണ്ണുത്തി ഏരിയാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ സൂര്യ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കട്ടിലപൂവം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവത്തിനിടയിലുണ്ടായ സംഘര്‍ഷത്തിലായിരുന്നു സൂര്യയ്ക്ക് പരിക്കേറ്റത്. വലതുകൈയില്‍ പൊട്ടലുണ്ടായതിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ടു. ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു.
സൂര്യയും കൂടെയുള്ള ആറ് കലാകാരികളും മാസങ്ങളായി സംഘ നൃത്തം പരിശീലിച്ചിരുന്നു. കുടുംബശ്രീ ബ്ലോക്ക്, താലൂക്ക്, ജില്ലാ കലോത്സവങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് ഇവരുടെ നടത്തറ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് സംസ്ഥാന കലോത്സവത്തില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയത്.
സാക്ഷാല്‍ പരമശിവന്റെ കഥയായിരുന്നു സംഘനൃത്തത്തില്‍ ഭാവ,രാഗ,തരളിതമായി, ചടുലനടനത്തിലൂടെ ഇവര്‍ അരങ്ങില്‍ അവതരിപ്പിച്ചത്. ഗോപിക, ശില്‍പ, ശരണ്യ, അലിന്റ, നിരഞ്ജന, ആര്യ എന്നീ കലാകാരികളും സൂര്യയ്‌ക്കൊപ്പം ചുവടുവെച്ചു.