വലപ്പാട് : ബംഗളൂരു കേന്ദ്രീകരിച്ച് രാസലഹരി വ്യാപാരം നടത്തി കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരി എത്തിച്ചിരുന്ന അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയെ തൃശ്ശൂർ റൂറൽ പോലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. കാസർഗോഡ് മധൂർ സ്വദേശി ശിവോഹം വീട്ടിൽ വൈശാഖ് (27) ആണ് അറസ്റ്റിലായത്. വലപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത 20.18 ഗ്രാം MDMA പിടികൂടിയ കേസിലെ ഒന്നാം പ്രതിക്ക് എംഡിഎംഎ എത്തിച്ചുനൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കാസർഗോഡ് മധൂർ സ്വദേശിയായ വൈശാഖ് ബംഗളൂരുവിൽ സ്ഥിരതാമസമാക്കി അവിടെനിന്നാണ് കേരളത്തിലേക്കുള്ള രാസലഹരി വിതരണ ശൃംഖല നിയന്ത്രിച്ചിരുന്നത്. വലപ്പാട് കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളെക്കുറിച്ച് കൂടുതലായി അന്വേഷിച്ചതിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളും, ടെക്നിക്കൽ തെളിവുകളും കൂടുതലായി വിശകലനം ചെയ്തും പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശാസ്ത്രീയമായി പരിശോധിച്ചതിലൂടെയാണ് വൈശാഖിലേക്ക് അന്വേഷണം എത്തിയത്. തുടർന്ന് ഇയാളാണ് കേസിലെ പ്രധാന രാസലഹരി വിതരണക്കാരനെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.
തുടർന്ന് വൈശാഖിന്റെ നീക്കങ്ങൾ നിരീക്ഷിച്ച അന്വേഷണസംഘം ബംഗളൂരുവിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിലെത്തിച്ച് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2026 ജൂലൈ 14-ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വലപ്പാട് മുത്തങ്ങാടിയിലുള്ള ഒന്നാം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20.18 ഗ്രാം MDMA പിടികൂടിയത്.
എംഡിഎംഎ വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 94,500 രൂപ, MDMA വിതരണത്തിനായി ഉപയോഗിച്ചിരുന്ന ബലോന കാർ, അഞ്ച് മൊബൈൽ ഫോണുകൾ, നാല് സിം കാർഡുകൾ, MDMA ഉപയോഗിക്കുന്നതിനുള്ള രണ്ട് ഗ്ലാസ് ടെസ്റ്റ് ട്യൂബുകൾ, സിപ്പ് ലോക്ക് കവറുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു. ഈ കേസിൽ ഒന്നാം പ്രതി വലപ്പാട് മുത്തങ്ങാടി സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് അൽ റാഷിദ് (31), രണ്ടാം പ്രതി പുല്ലൂറ്റ് സ്വദേശി കുന്നുപുറത്ത് വീട്ടിൽ ഷംനാദ് (34) എന്നിവരെയാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
അറസ്റ്റിലായ ഷംനാദും മുഹമ്മദ് അൽ റാഷിദും ഗൾഫിൽവെച്ച് മയക്കുമരുന്ന് കേസുകളിൽ യഥാക്രമം ആറ് വർഷവും ഒന്നര വർഷവും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ശിക്ഷ പൂർത്തിയാക്കി നാട്ടിലെത്തിയ ശേഷവും ഇരുവരും മയക്കുമരുന്ന് ഇടപാടുകൾ തുടരുകയായിരുന്നു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നിർദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈഎസ്പി രതീഷ് കുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപ് എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്.
ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് എസ്.ഐ. രാജൻ കെ, മതിലകം എസ്.ഐ. മുഹമ്മദ് റാഫി, ഡാൻസാഫ് എസ്.ഐ. പ്രദീപ് സി.ആർ, എ.എസ്.ഐ. ലിജു ഇയ്യാനി, ജി.എസ്.സി.പി.ഒ. ബിജു സി.കെ, സി.പി.ഒ. സുർജിത് സാഗർ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി അന്തർസംസ്ഥാന ലഹരി ശൃംഖലകളെ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടന്നുവരുന്നത്. കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന വിതരണശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് അറിയിച്ചു.










