തൃശ്ശൂര്‍: പൊന്നില്ലാത്തതിന്റെ പേരില്‍ ദിവ്യയുടെ വിവാഹം മുടങ്ങില്ല. വിവാഹത്തിനുള്ള സ്വര്‍ണം നല്‍കാമെന്ന് മലബാര്‍ ഗോള്‍ഡ് അറിയിച്ചു. സ്വര്‍ണം വാങ്ങാനുള്ള പണത്തിനായുള്ള നെട്ടോട്ടത്തിനിടെ സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന ആവലാതിയില്‍ ജീവനൊടുക്കിയ വിപിന്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും തീരാവേദനയായി. വിപിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് അമ്മ ബേബിയും സഹോദരി ദിവ്യയും.
സഹോദരിയുടെ വിവാഹത്തിന് വായ്പ നല്‍കാമെന്ന്്് ഉറപ്പ് നല്‍കിയ പുതുതലമുറ ബാങ്ക് അവസാന നിമിഷം കാലുമാറിയതിലുള്ള നിരാശയിലാണ് വിപിന്‍ ആത്മഹത്യ ചെയ്തത്. വിവാഹത്തിനായി ആഭരണങ്ങള്‍ എടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയില്‍ ഇരുത്തി മടങ്ങിയ വിപിന്‍ വീട്ടിലെത്തിയ ശേഷമാണ് ജീവനൊടുക്കിയത്. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പാച്ചാലപ്പൂട്ട് വീട്ടില്‍ വിപിനാണ് ജീവനൊടുക്കിയത്. 25 വയസായിരുന്നു.
മൂന്ന് സെന്റ് ഭൂമി മാത്രം ഉണ്ടായിരുന്നതിനാല്‍ എവിടെനിന്നും വായ്പ ലഭിച്ചില്ല. തുടര്‍ന്ന് പുതുതലമുറ ബാങ്കില്‍ നിന്നും വായ്പയ്ക്ക് അപേക്ഷിച്ചു. കഴിഞ്ഞ ദിവസം വായ്പ അനുവദിച്ചെന്ന് അറിയിപ്പ് ലഭിച്ചു.
എന്നാല്‍ പിന്നീട് വായ്പ അനുവദിക്കാനാവില്ലെന്ന് ബാങ്കില്‍ നിന്നും അറിയിപ്പ് കിട്ടുകയായിരുന്നു. ഏറെ നേരം ജൂവലറിയില്‍ കാത്തു നിന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി ദിവ്യയും വീട്ടിലേക്ക് തിരിച്ചു. ഇവിടെ എത്തിയപ്പോഴാണ് വിപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അടുത്ത ഞായറാഴ്ചയാണ് വിവാഹം നടത്തേണ്ടിയിരുന്നത്.
Photo Credit: Newss Kerala