ടെഹ്റാന്: ഇസ്രയേലിനെതിരേ ക്ലസ്റ്റര്‍ ബോംബുകളടങ്ങുന്ന മിസൈലുകള്‍ ഇറാന് പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. ഇതാദ്യമായാണ് സംഘര്‍ഷത്തില്‍ ഇറാന് ബോംബ് പ്രയോഗിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സൈന്യം തയ്യാറായില്ല. ഇസ്രയേല്‍ – ഇറാന് സംഘര്‍ഷം എട്ടാം ദിവസത്തിലെത്തി.
മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റര്‍ ബോംബ് തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി പതിക്കുന്നതാണ് ക്ലസ്റ്റര്‍ ബോംബുകള്‍. ഇത് വന്‍ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ഇറാന് നിയമവിരുദ്ധമായി മനഃപ്പൂര്‍വ്വം വെടിയുതിര്‍ത്തു. ഇതിലൂടെ സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിടാനാണ് ഇറാന്റെ ശ്രമമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ക്ലസ്റ്റര്‍ ബോംബുകള്‍ പോര്‍മുനയാക്കി തൊടുത്ത മിസൈല്‍ പതിച്ച് മധ്യ ഇസ്രയേലില്‍ എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മധ്യ ഇസ്രയേലിലെ അസോറില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചതായും ഇത് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ ലേഖകന്‍ ഇമ്മാനുവല്‍ ഫാബിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ക്ലസ്റ്റര്‍ ബോംബ് മിസൈല്‍ വര്ഷിച്ചതില് ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
2008-ല്‍ അന്താരാഷ്ട്രതലത്തില്‍ നിരോധിച്ച ആയുധമാണ് ഇത്. ക്ലസ്റ്റര്‍ ബോംബ് മിസൈലുകളുടെ നിര്‍മ്മാണം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയ്ക്കെതിരെ 111 രാജ്യങ്ങള്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇറാനും ഇസ്രയേലും പങ്കുചേര്‍ന്നിരുന്നില്ല.
ഇസ്രയേലിലെ സൊറോക ആശുപത്രി കഴിഞ്ഞ ദിവസം ഇറാന് ബോംബിട്ട് തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഇസ്രായേലും ശക്തമായി തിരിച്ചടിച്ചിരുന്നു.
അതേസമയം ഇറാന്റെ ആണവായുധ ഗവേഷണ ആസ്ഥാനം തകര്‍ത്തെന്ന് ഇസ്രയേല്‍ വ്യോമസേന അറിയിച്ചു. ടെഹ്റാനിലെ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചെന്ന് ഇസ്രേയേല്‍ വ്യോമസേന. ഇറാന്റെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം. 60 വ്യോമസേന വിമാനങ്ങള്‍ ആക്രണത്തില്‍ പങ്കെടുത്തെന്ന് ഇസ്രയേല്‍ അറിയിച്ചു.
സാഹചര്യം മോശമായതോടെ പല രാജ്യങ്ങളും ഇസ്രായേലില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്ന ഇസ്രായേലി നഗരങ്ങളില്‍ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിനിടെയാണ് ഇന്ന് കനത്ത ആക്രമണമുണ്ടായത്.