WATCH VIDEO HERE…
തൃശൂര്‍: പൂരപ്രേമി സംഘത്തിന്റെ പ്രൊ.എം.മാധവന്‍കുട്ടി സ്മാരക പുരസ്‌കാരത്തിന് പ്രമുഖ ഫോട്ടോഗ്രാഫര്‍ മൊണാലിസ ജനാര്‍ദനനെ തിരഞ്ഞെടുത്തു. കാല്‍ലക്ഷം രൂപയും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തൃശൂര്‍ പൂരത്തിന്റെ അമരക്കാരനും, പൂരപ്രേമിസംഘത്തിന്റെ മുഖ്യ ഉപദേഷ്ടാവുമായിരുന്ന പ്രൊഫസര്‍ എം.മാധവന്‍കുട്ടി മാസ്റ്ററുടെ സ്മരണ നിലനിര്‍ത്തുന്നതിനായി പൂരവും ഉല്‍സവവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ദൃശ്യ, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
മാധവന്‍കുട്ടി മാഷ് പഠിച്ച തൃശൂര്‍ ഗവ: മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ഥിക്കുള്ള പുരസ്‌കാരത്തിന് അഭിജിത്ത് അര്‍ഹനായി. ക്യാഷ് അവാര്‍ഡും, ഫലകവുമാണ് വിദ്യാഭ്യാസ പുരസ്‌ക്കാരമായി നല്‍കുക. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ 2022 മാര്‍ച്ചില്‍ ബിരുദത്തിന് ഗണിതത്തിന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥിക്കുള്ള പുരസ്‌കാരത്തിന് സ്‌നേജോ ടോജോ അര്‍ഹത നേടി 10,000 രൂപയും ഫലകവും വിദ്യാഭ്യാസ അവാര്‍ഡായി നല്‍കും.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി.എ.കൃഷ്ണന്‍ ചെയര്‍മാനും, മെമ്പര്‍മാരായി തൃശൂര്‍ പൂരം പ്രദര്‍ശനകമ്മറ്റി പ്രസിഡണ്ട് കെ. വിജയരാഘവനും, പൂരപ്രേമിസംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ടും അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.