കൊച്ചി: ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയെന്ന് വ്യക്തമായതോടെ മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് മരവിപ്പിച്ചു. വനംമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടാനാണ് കേരളം അനുമതി നല്‍കിയതെന്നാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ബെന്നിച്ചന്‍ തോമസിന്റേതാണ് വിവാദ ഉത്തരവ്. മരംമുറി ഉത്തരവിനെതിരേ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ അറിയാതെ ഇത്രെയും ഗൗരവമേറിയ വിഷയത്തില്‍ മരംമുറിക്കാന്‍ ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനമെടുക്കാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ തിരുത്തയത് പിടിക്കപ്പെട്ടപ്പോള്‍ തൊണ്ടി മുതല്‍ തിരിച്ചു നല്‍കിയ കള്ളനെ പോലെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി അറിയാതെ മരം മുറിക്കാനുള്ള അനുമതി തമിഴ്‌നാടിന് കൊടുക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് കഴിയില്ല.
സര്‍ക്കാര്‍ നാടകം കളിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ ഉത്തരവ് സര്‍ക്കാര്‍ അറിയാതെ ഇറക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെച്ച് വാനപ്രസ്ഥത്തിന് പോവുന്നതാണ് നല്ലത്. ഉദ്യോഗസ്ഥന്‍മാരാണ് ഉത്തരവിന് പിന്നിലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിലെ ജനങ്ങളെ മറന്നാണ് സര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കിയത്. നാടിനോട് ചെയ്ത ഏറ്റവും വലിയ ചതിയാണിത്. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടിയാവുന്ന ഉത്തരവ് ഇറക്കിയതിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ട്. ഇതിനെ കുറിച്ച് അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Photo Credit: Twitter