പുതുക്കാട്: നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്്. കുഞ്ഞുങ്ങളുടെ അമ്മയായ പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് തെളിഞ്ഞു. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്ന് അനീഷ പോലീസിനോട് സമ്മതിച്ചു.
ശുചിമുറിയിലാണ് അനീഷ പ്രസവിച്ചത്. ഗര്‍ഭാവസ്ഥ മറച്ചുവച്ചത് വയറില്‍ തുണി കെട്ടിയെന്നും അനീഷ പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പിനിടെ അനീഷ കുറ്റസമ്മതം നടത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറന്‍സിക് വിഭാഗം പരിശോധന നടത്തും. രണ്ടു കുഞ്ഞുങ്ങളെയും അനീഷയാണ് കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആര്‍. അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ തന്നെ തെളിവെടുപ്പും പൂര്‍ത്തിയാക്കിയിരുന്നു. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിയുമാണ്.
ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുക.
ഇന്നലെ ഇരുപ്രതികളെയും ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
2020-ല്‍ ഫെയ്‌സ്ബുക്ക് വഴിയാണ് ഭവിന്‍ അനീഷയുമായി പരിചയത്തിലാകുന്നത്.
ലാബ് ടെക്നീഷ്യനായി ജോലിചെയ്യുന്ന അനീഷ കുറച്ചുകാലമായി ഭവിനുമായി അകല്‍ച്ചയിലായിരുന്നു. അനീഷ മറ്റൊരു വിവാഹത്തിനൊരുങ്ങുന്നെന്ന സംശയത്തില്‍ ഭവിന്‍ ഫോണിലൂടെയും നേരിട്ടും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കിലായതാണ് ഭവിനെ പ്രകോപിപ്പിച്ചത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തി.