Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നിമിഷപ്രിയക്ക് മാപ്പില്ല, കടുത്ത നിലപാടില്‍ തലാലിന്റെ സഹോദരന്‍

ദില്ലി: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകള്‍ക്കായുള്ള ഇടപെടലുകള്‍ക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ  സഹോദരന്റെ  നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ  സഹോദരന്‍ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബന്ധുക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചര്‍ച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികള്‍ പറയുന്നത്. സഹോദരനെ അടക്കം അനുനയിപ്പിക്കാനുള്ള ഊര്‍ജ്ജിത ശ്രമം തുടരുകയാണ്. അനുനയശ്രമം തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യെമനില്‍ ഇത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അനാവശ്യ തര്‍ക്കങ്ങള്‍ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് ഇത്. തിങ്കളാഴ്ച തന്നെ യെമന്‍ പ്രസിഡന്റ് വിഷയത്തില്‍ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നല്‍കിയിട്ടുണ്ട്.

അതേസമയം ഇന്നലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധശിക്ഷ നിര്‍ത്തി വച്ചിരിക്കുന്നു എന്നാണ് വിധിപകര്‍പ്പില്‍ ഉള്ളത്. എന്നാല്‍ കേസ് ഇനി എന്ന് പരിഗണിക്കും എന്നും ഉത്തരവില്‍ ഇല്ല. എന്നത്തേക്ക് മാറ്റി എന്നും ഉത്തരവില്‍ ഇല്ല. നിമിഷ പ്രിയയുടെ കാര്യത്തില്‍ തുടര്‍ന്നും ഇടപെടല്‍ നടത്തും എന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബവുമായി ദയ ദനത്തില്‍ ചര്‍ച്ച നടക്കുന്നെന്നും കോടതിയില്‍ അറിയിച്ചിരുന്നു. ഇതില്‍ തീരുമാനം ആകുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുത് എന്നായിരുന്നു ഹര്‍ജി നല്‍കിയത്. ഇത് അംഗീകരിച്ചാണ് കോടതി, വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതെന്നാണ് വിവരം.

ജയിലില്‍ കഴിയുകയായിരുന്നു നിമിഷപ്രിയ. ഇന്നാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് കാന്തപുരം മുസ്ലിയാരുടെ നേതൃത്വത്തില്‍ യെമനിലെ മത പണ്ഡിതന്‍ വഴിയുള്ള ഇടപെടലുണ്ടായതും കോടതി, വധശിക്ഷ നീട്ടിവച്ചതും. സെയ്ദ് ഉമര്‍ ഹഫീസ് എന്ന യെമന്‍ സുന്നി പണ്ഡിതന്‍ മുഖേനെയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാന്‍ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരം കിട്ടിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സഹായികള്‍ നേരത്തെ അറിയിച്ചിരുന്നു. തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുവാന്‍ നേരത്തെ നിയമസഹായ സമിതിക്ക് കഴിഞ്ഞിരുന്നില്ല. തലാലിന്റെ സഹോദരനുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ പ്രതീക്ഷയുണ്ടെന്നും ചര്‍ച്ച തുടരുകയാണെന്നും കാന്തപുരം വിഭാഗം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *