മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിപ്പ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി മൂന്ന് ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കി. 26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചിട്ടുണ്ട്.
രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്മെന്റ്, കോണ്‍ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും നിര്‍ദേശം നല്കിയിട്ടുണ്ട്.
സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിന് പോലീസിന്റെ സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വൈകുന്നേരം ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും നിപ്പ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.
മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ്പ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയച്ചിരുന്നു.
പാലക്കാട് സ്വദേശിയായ 38കാരിയുടെയും കോഴിക്കോട് മസ്തിഷ്‌കമരണം സംഭവിച്ച് മരിച്ച 18കാരിയുടെയും സാമ്പിളുകളാണ് അയച്ചത്.
ഇതില്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര നാട്ടുകല്‍ പാലോട് സ്വദേശിനിയായ 38കാരിക്ക് നിപ്പ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് യുവതി. പനിയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ 26ന് യുവതി പാലോടിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നേടിയിരുന്നു. പനി കൂടിയതോടെ 30ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു.
ഇതോടെ, മേഖലയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ജില്ലാ ഭരണകൂടം മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പ്രദേശത്തെ ആരാധനാലയങ്ങള്‍ അടച്ചിടാനും അധികൃതര്‍ അറിയിച്ചു.
രോഗിയുടെ വീട്ടുകാര്‍, അയല്‍വാസികള്‍, നാട്ടുകാര്‍ തുടങ്ങി നൂറിലധികം പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയിലാണ്. അതേസമയം, പട്ടികയിലുള്ള ആരും ചികിത്സയിലില്ല. യുവതിയുടെ മൂന്നു മക്കള്‍ക്കും നിലവില്‍ പനിയില്ല.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പ് യുവതി മണ്ണാര്‍ക്കാട്, പാലോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സ തേടിയിരുന്നു.
നിപ്പ ബാധ സംശയിച്ചതിനെ തുടര്‍ന്ന് അഞ്ചു വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.