Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നിതീഷ് വീണ്ടും മഹാസഖ്യത്തിൽ; 2024 പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യത

2024ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ രാജ്യത്താകമാനം മഹാസഖ്യം രൂപപ്പെടുത്തി നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളുടെ തുടക്കമാണ് ഇതെന്നും  രാഷ്ട്രീയ നിരീക്ഷകർ പറയുന്നു

ഹിന്ദി ബെൽറ്റിൽ ബിജെപി ഒറ്റപ്പെട്ടുവെന്ന് തേജസ്വി യാദവ്

കൊച്ചി: രണ്ടാം തവണയും ബിജെപിസഖ്യം ഉപേക്ഷിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 

തന്റെ പാർട്ടി നിലനിർത്തുക മാത്രമല്ല മഹാസഖ്യത്തിൽ നിന്ന് 2024ലെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരക്കും നിതീഷ് എന്നും, മറ്റു പ്രതിപക്ഷ പാർട്ടികളിൽ നിന്ന് നിതീഷിന് ഇതു സംബന്ധിച്ച് ഉറപ്പ് ലഭിച്ചതായും രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നു.

2005ൽ ആർ.ജെ.ഡി യിൽ നിന്ന് ഭരണം നിതീഷ് കൈക്കലാക്കിയത്  ബിജെപി സഖ്യവുമായി ചേർന്ന് മത്സരിച്ചായിരുന്നു. അതിന്  മുൻപ് വാജ്പേയി മന്ത്രിസഭയിൽ കേന്ദ്ര മന്ത്രിയായിരുന്നു നിതീഷ് കുമാർ.

ലാലുപ്രസാദ്, ഭാര്യ റാബ്രി ദേവി എന്നീ ആർജെഡി മുഖ്യമന്ത്രിമാരുടെ കീഴിലുള്ള അഴിമതി ഭരണത്തിനെതിരെ പ്രചാരണം നടത്തിയാണ് നിതീഷ് കുമാർ – എൻ.ഡി.എ സഖ്യം 2005 അധികാരത്തിൽ എത്തിയത്. അന്നുമുതൽ നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി തുടരുന്നു.

ഭരണമികവ്, ക്രമസമാധാന പാലനം, പെൺകുട്ടികൾക്ക് സ്കൂളിലെത്താൻ സൗജന്യ സൈക്കിൾ എന്നിവ മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ 2010ൽ വൻഭൂരിപക്ഷത്തിലാണ് വീണ്ടും ബീഹാറിൽ നിതീഷ് – എൻഡിഎ സഖ്യം അധികാരത്തിലെത്തിയത്.

243 സീറ്റുകൾ ആകെയുള്ള സഭയിൽ 206 സീറ്റാണ് 2010 ൽ നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ.ഡി.യു – ബിജെപി സഖ്യത്തിന് ഉണ്ടായിരുന്നത്. ജെഡിയുവിന് അന്ന് 115 സീറ്റും ബിജെപിക്ക് 91 മായിരുന്നു.

2014 ൽ നരേന്ദ്രമോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് മുസ്ലിം വോട്ട് ബാങ്ക് നിലനിർത്താൻ ബദ്ധവൈരികളായ ആർ.ജെ.ഡിക്കൊപ്പം 2015 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ നിതീഷ് മത്സരിച്ചാണ് വിജയിച്ചത്. അന്നാണ് നിതീഷിന്റെ നേതൃത്വത്തിൽ ബീഹാറിൽ മഹാസഖ്യം രൂപപ്പെടുന്നത്.

ആ തെരഞ്ഞെടുപ്പിൽ മഹാ സഖ്യത്തിലെ ആർ.ജെ.ഡിക്ക് 80 തും നിതീഷിന്റെ ജെ.ഡി.യു വിന് 71 സീറ്റും ലഭിച്ചു. 2010 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 91 സീറ്റ് ലഭിച്ച ബിജെപി സഖ്യം, 2015 ൽ മഹാസഖ്യത്തോട്  മത്സരിച്ചപ്പോൾ 53 സീറ്റിലേക്ക് ചുരുങ്ങി.

2017 ൽ  ഉപ മുഖ്യമന്ത്രിയായിരുന്ന  തേജസ്വി യാദവ് (ലാലുപ്രസാദ് യാദവിന്റെ മകൻ) അഴിമതി നടത്തിയെന്ന ആരോപണത്തെ തുടർന്ന് വീണ്ടും നിതീഷ് ബിജെപി- എൻഡിഎ സഖ്യത്തിൽ തിരിച്ചെത്തി മുഖ്യമന്ത്രിയായി തുടർന്നു.

എന്നാൽ 2020 ൽ ബിജെപി സഖ്യത്തോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് നിതീഷ് വീണ്ടും മുഖ്യമന്ത്രി ആയെങ്കിലും 2010 ൽ 115 സീറ്റ് വരെ ലഭിച്ച തന്റെ പാർട്ടിയായ ജെ.ഡി.യുവിന് 43 സീറ്റ് മാത്രം ലഭിച്ചപ്പോൾ ബി.ജെ.പി. 74 സീറ്റ് ലഭിച്ചു. മുഖ്യപ്രതിപക്ഷ കക്ഷിയായ ആർജെഡിക്ക് 75 സീറ്റാണ് ലഭിച്ചത്. 

ബിജെപി സഖ്യവുമായി മത്സരിച്ച് തൻറെ സീറ്റുകൾ കുറഞ്ഞത് അന്നുമുതലേ നിതീഷിനെ ആലോസരപ്പെടുത്തി. ബിജെപി തന്റെ പാർട്ടിയെ വിഴുങ്ങുമെന്ന് ഭയവും 2020 നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഉണ്ടായി.

തൻറെ അടുത്ത അനുയായിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ആർ.പി.സി. സിംഗിനെ മുൻനിർത്തി തന്റെ പാർട്ടിയെ ബിജെപി ശിഥിലമാക്കും എന്ന് നിതീഷ് ഭയപ്പെട്ടു.

2020 ൽ നിതീഷ് കുമാറിന്റെ പാർട്ടിയെക്കാൾ കൂടുതൽ സീറ്റുകൾ ലഭിച്ചിട്ടും ബിജെപി അജണ്ടകൾ ബീഹാറിൽ നടപ്പാക്കാൻ സാധിക്കാത്തതിനാൽ നിതീഷ് കുമാറിന്റെ മന്ത്രിസഭയിലെ ബിജെപി അംഗങ്ങളും, ബിജെപി അംഗമായ സ്പീക്കറും നിതീഷിന്റെ  നയങ്ങളെ ശക്തമായി എതിർക്കാൻ തുടങ്ങി.

അതാണ് വീണ്ടും നിതീഷ് കുമാറിനെ രാഷ്ട്രീയ പ്രതിയോഗിയായ ആർജെഡിക്കൊപ്പം ചേർന്ന് വീണ്ടും മഹാ സഖ്യത്തിലേക്ക് തിരിച്ചുവന്ന് മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ നിർബന്ധിതനായത്.

ഇപ്പോൾ നിതീഷിന്റെ ജെ.ഡി.യു തേജസി യാദവ് നയിക്കുന്ന ആർജെഡിയും കോൺഗ്രസും സിപിഐ (എംഎൽ) ലും  മറ്റു ചെറിയ പാർട്ടികളും ചേരുന്ന മഹാസഖ്യത്തിന് 160 പേരുടെ പിന്തുണയുണ്ട്. ഏഴു പാർട്ടികളാണ് മഹാ സഖ്യത്തിൽ ഉണ്ടാവുക. ഇത്രയും അംഗങ്ങളുടെ പിന്തുണയുണ്ട് എന്ന കത്ത് നിതീഷ് കുമാർ രാജി പ്രഖ്യാപനത്തിന് ശേഷം ഗവർണർക്ക് സമർപ്പിച്ചു. 

പുതിയ മഹാസഖ്യത്തിന്റെ നേതൃത്വത്തിൽ നിതീഷ് കുമാർ വീണ്ടും നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 

ശിവസേനയെ പിളർത്തി മഹാരാഷ്ട്രയിലെ പോലെ മഹാവികാസ് അഗാഡിയെ പൊളിച്ച് ഭരണം കയ്യടക്കാനുള്ള ശ്രമങ്ങൾ ബിജെപിയും ബിഹാറിൽ ആരംഭിച്ചു കഴിഞ്ഞു.

മഹാസഖ്യം തുടരുകയാണെങ്കിൽ, 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പായിരിക്കും ഇനി ബീഹാറിൽ ഏവരും ഉറ്റുനോക്കുന്ന രാഷ്ട്രീയ ബലപരീക്ഷണം. ഒരുപക്ഷേ ദേശീയതലത്തിൽ രാഷ്ട്രീയ ഗതി നിശ്ചയിക്കുന്ന മത്സരം കൂടിയാകും ബീഹാറിൽ 2024ലിൽ നടക്കുക.

Leave a Comment

Your email address will not be published. Required fields are marked *