കൊച്ചി: മോദി സമുദായത്തെ അവഹേളിച്ചു എന്ന കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരൻ എന്ന് വിധിച്ച് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധിക്ക് അയോഗ്യത തുടരും .
രാഹുലിന്റെ അപ്പീലിൽ സൂറത്ത് അഡീഷണൽ സെഷൻസ് കോടതി സ്റ്റേ അനുവദിക്കാതെ തള്ളി. തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണം എന്ന അപേക്ഷയാണ് സെഷൻസ് കോടതി തള്ളിയത്. ഹർജിക്കാരനായ പൂർണേഷ് മോദിക്ക് അപമാനകരമായ ഒന്നും രാഹുൽ ഗാന്ധി പറഞ്ഞില്ല എന്നു ആയതിനാൽ അദ്ദേഹത്തിന് പരാതി നൽകാൻ സാധുതയില്ല എന്നുള്ള വാദമാണ് കോടതി തള്ളിയത്.
‘ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി …എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെ വന്നു …’ എന്നതായിരുന്നു 2019 ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ കർണാടകയിലെ കോളാറിൽ രാഹുൽ നടത്തിയ വിവാദ പ്രസംഗം. മോദി സമുദായത്തെ അപ്പാടെ അപമാനിച്ചു എന്നായിരുന്നു പരാതിക്കാരന്റെ വാദം.
ശിക്ഷ നടപ്പാക്കുന്നതിനുള്ള സ്റ്റേ തുടരുന്നതിനാൽ രാഹുൽ ഗാന്ധിക്ക് തടവിൽ കഴിയേണ്ടതില്ല. ഇനി അപ്പീലുമായി രാഹുൽ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാം. അപ്പീൽ സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിൽ ഡൽഹിയിലെ എം.പി ഓഫീസും വസതിയും രാഹുൽ ഉടൻ ഒഴിയുമെന്നാണ് സൂചന.