സ്റ്റേ നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു, ശിവസേനയ്ക്ക് തിരിച്ചടി
കൊച്ചി: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. കോടതിയുടെ തീരുമാനം ശിവസേനയ്ക്ക് തിരിച്ചടിയായി. വിശ്വാസവോട്ടെടുപ്പ് നേരിടാൻ ഭരണകക്ഷിക്ക് സംഖ്യ ബലം ഇല്ല എന്ന് ഉറപ്പായതിനാൽ വിശ്വാസ വോട്ടെടുപ്പിന് നിൽക്കാതെ ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചു. തൻറെ എംഎൽഎ സ്ഥാനവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്.
തനിക്കു നൽകിയ പിന്തുണയ്ക്ക് എൻസിപി നേതാവ് ശരത് പാവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉദ്ധവ് രാജി പ്രഖ്യാപിക്കവേ നന്ദി രേഖപ്പെടുത്തി.
ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള ശിവസേന വിമത പക്ഷവും ബിജെപിയും ഇവരെ പിന്തുണയ്ക്കുന്ന സ്വതന്ത്രരും ചേർന്നായിരിക്കും അടുത്ത മഹാരാഷ്ട്ര മന്ത്രിസഭ ഉണ്ടാക്കുന്നത്.
വിശ്വാസവോട്ടെടുപ്പിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഗവര്‍ണറുടെ തീരുമാനം സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. അന്തിമ തീര്‍പ്പ് നിലവിലുള്ള കേസിലെ വിധി കൂടി പരിഗണിച്ചായിരിക്കും. എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെതിരായ കേസ് നാളെയും സുപ്രീംകോടതി പരിഗണക്കുന്നുണ്ട്.
ശിവസേനയ്ക്കു വേണ്ടി അഭിഷേക് മനു സിങ്‌വിയാണു കേസ് വാദിച്ചത്. എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാര്‍ കോവിഡ് മൂലം ആശുപത്രിയില്‍ ചികിത്സയിലാണെന്നും, കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എ വിദേശത്താണെന്നും, അര്‍ഹരായ ഇവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം നല്‍കാത്തതു ശരിയല്ലെന്നും അഭിഷേക് സിങ്‌വി വാദിച്ചു.
എം.എല്‍.എമാരെ അയോഗ്യരാക്കിയ തീരുമാനം നിലനില്‍ക്കെ വിശ്വാസ വോട്ടെടുപ്പിലേക്ക് എങ്ങനെ പോകാന്‍ കഴിയുമെന്ന് സിങ്വി ചോദിച്ചു. സൂപ്പര്‍സോണിക് വേഗത്തിലാണ് വിശ്വാസവോട്ടെടുപ്പിനുള്ള തീരുമാനം ഗവര്‍ണര്‍ കൈക്കൊണ്ടത്. അയോഗ്യതയും വിശ്വാസ വോട്ടെടുപ്പും തമ്മില്‍ ബന്ധമെന്താണെന്ന് കോടതി ചോദിച്ചു. വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന്റെ സമയപരിധിയെക്കുറിച്ച് ഭരണഘടനയില്‍ നിബന്ധനയുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ആറു മാസത്തെയെങ്കിലും ഇടവേള ഇല്ലാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാവില്ലെന്ന് സിങ്‌വി മറുപടി പറഞ്ഞു.
അയോഗ്യതയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാന്‍ ഡപ്യൂട്ടി സ്പീക്കര്‍ക്ക് എന്താണ് അധികാരം എന്ന വിമതര്‍ ഉന്നയിച്ച ചോദ്യം പരിശോധിച്ചു വരികയാണെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ക്കു കത്തു നല്‍കിയതോടെ അവര്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു. അപ്പോള്‍ തന്നെ അവര്‍ പുറത്താക്കപ്പെട്ടെന്നും സിങ്വി വാദിച്ചു. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ്. അദ്ദേഹം ഇനി അങ്ങനെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പോലും പ്രതിപക്ഷത്തിന്റെ ഉപദേശമല്ല ഗവര്‍ണര്‍ കേള്‍ക്കേണ്ടത്.
നാളെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് സിങ്വി കോടതിയില്‍ വാദിച്ചു. അതേസമയം യഥാര്‍ഥ ശിവസേന തങ്ങളാണെന്ന് വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. 39 എംഎല്‍എമാര്‍ ഒപ്പമുണ്ട്. അയോഗ്യതാ നോട്ടിസ് ലഭിച്ചത് 16 എംഎല്‍എമാര്‍ക്കാണെന്നും വിമതരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.