തൃശൂര്‍: ക്രിസ്മസിന് രണ്ട് ദിനം മാത്രം ശേഷിക്കേ സപ്ലൈകോയുടെ ക്രിസ്മസ്-ന്യൂഇയര്‍ ചന്തയില്‍ നിത്യോപയോഗസാധനങ്ങളില്ല. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വടക്കേസ്റ്റാന്‍ഡിലെ ക്രിസ്മസ് ചന്ത ഉദ്ഘാടനച്ചടങ്ങിനെത്തിയ എം.എല്‍.എ.പി. ബാലചന്ദ്രനും, മേയര്‍ എം.കെ.വര്‍ഗീസും ഇറങ്ങിപ്പോയി. 13 ഇനം നിത്യോപയോഗസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അരിയും മല്ലിയും മാത്രമാണ് സ്‌റ്റോക്കുണ്ടായിരുന്നത്.
പുതുക്കാട്, വാടാനപ്പള്ളി, കാഞ്ഞാണി, വടക്കാഞ്ചേരി എന്നീ ദൂരദിക്കുകളില്‍ നിന്നുപോലും സാധനങ്ങളില്‍ വാങ്ങാന്‍ ആളുകള്‍ എത്തിയിരുന്നു. കാഞ്ഞാണിയില്‍ നിന്നുള്ള തൊഴിലുറപ്പുതൊഴിലാളിയായ സ്ത്രീ ജോലി മുടക്കിയാണ് എത്തിയത്.
ഉദ്ഘാടനസമയം എത്തിയപ്പോഴെക്കും സപ്ലൈകോ ചന്തയില്‍ തിരക്കായി. കാലിയാണെന്നറിഞ്ഞതോടെ ആളുകള്‍ ക്ഷുഭിതരായി. ഇതോടെ എം.എല്‍.എയും, മേയറും ഇക്കാര്യം സപ്ലൈകോയിലെ ഉദ്യോഗസ്ഥരോട് തിരക്കി.
അടച്ചിടുകയാണ് നല്ലതെന്ന് പറഞ്ഞ്, അതൃപ്തി അറിയിച്ചാണ് എം.എല്‍.എയും മേയറും മടങ്ങിയത്.
കഴിഞ്ഞ ദിവസം നിത്യോപയോഗസാധനങ്ങള്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും ഇന്ന് മുതല്‍ വിതരണം തുടങ്ങണമെന്ന് നിര്‍ദേശമുണ്ടായിരുന്നെന്നും സപ്ലൈകോ അധികൃതര്‍ പറയുന്നു. എന്ന് നിത്യോപസാധനങ്ങള്‍ എല്ലാം എത്തുമെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. കരാറുകാര്‍ക്ക് 800 കോടി രൂപയാണ് സപ്ലൈകോ നല്‍കാനുള്ളത്. ഇത് മൂലമാണ് പലവ്യഞ്ജനങ്ങളുടെ അടക്കം വിതരണം തടസ്സപ്പെട്ടത്. മുന്‍പ് ക്രിസ്മസിന് ഒരാഴ്ച മുന്‍പെങ്കിലും ക്രിസ്മസ് -ന്യൂഇയര്‍ ചന്തകള്‍ തുടങ്ങാറുള്ളതാണ്.