തൃശ്ശൂര്‍: പീച്ചി പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ പ്രതിയായ എസ്്്്എച്ച്്ഒ പി.എം. രതീഷിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ തൃപ്തനല്ലെന്ന് പരാതിക്കാരനായ കെ.പി. ഔസേപ്പ്. ഇത് താല്‍ക്കാലിക നടപടി മാത്രമാണെന്നും, കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ രതീഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മര്‍ദ്ദനത്തിന് കൂട്ടുനിന്ന മറ്റ് അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
സിസിടിവി ദൃശ്യങ്ങളിലൂടെ കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ പോലുള്ള ലഘുവായ നടപടികള്‍ പോരെന്നാണ് ഔസേപ്പിന്റെ ആവശ്യം. സസ്‌പെന്‍ഷന്‍ കാലയളവില്‍ പകുതി ശമ്പളത്തോടെ ഉദ്യോഗസ്ഥന്‍ പിന്നീട് സര്‍വീസില്‍ തിരിച്ചെത്തുമെന്നിരിക്കെ, ഇത് കുറ്റകൃത്യത്തിന് തക്കതായ ശിക്ഷയല്ലെന്ന് അദ്ദേഹം പറയുന്നു. അതിനാല്‍, പോലീസ് ആക്ട് അനുസരിച്ച് രതീഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
രതീഷിന് പുറമെ, കുറ്റകൃത്യത്തിന് സഹായം നല്‍കിയ ഗ്രേഡ് എസ്‌ഐമാരായ ജയേഷ്, ഡേവിസ്, സിപിഒമാരായ മഹേഷ്, മനീഷ്, യൂസഫ് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് ഔസേപ്പ് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്തപ്പോള്‍ സ്റ്റേഷനിലെ മറ്റ് പോലീസുകാര്‍ എസ്.ഐക്ക് അനുകൂലമായാണ് മൊഴി നല്‍കിയതെന്നും ഔസേപ്പ് പറയുന്നു. കുറ്റവാളിയെ സംരക്ഷിക്കുന്നതും കുറ്റകൃത്യത്തെ അനുകൂലിക്കുന്നതും കുറ്റം ചെയ്യുന്നതിന് തുല്യമാണ്. അതിനാല്‍, എസ്.ഐയെ സഹായിക്കുകയും കള്ളമൊഴി നല്‍കുകയും ചെയ്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.