കൊച്ചി/തൃശൂർ: എറണാകുളത്ത് കളക്ടര്‍ സ്‌കൂള്‍ അവധി പ്രഖ്യപിക്കാന്‍ വൈകിയത് ഇന്ന് രാവിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു.
വിഷയത്തിൽ കളക്ടറോട് റിപ്പോർട്ട് തേടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
എറണാകുളം സ്വദേശിയായ അഡ്വക്കേറ്റ് എം.ആർ ധനിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
രാവിലെ 8.25നാണ് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണെന്ന് കളക്ടര്‍ രേണുരാജ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലെ കമന്റ് ബോക്‌സില്‍ കളക്ടര്‍ക്കെതിരെ രക്ഷിതാക്കളുടെ വിമര്‍ശനങ്ങള്‍ നിറഞ്ഞു. സ്‌കൂളുകളില്‍ എത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും, സ്‌കൂള്‍ അടക്കേണ്ടതില്ലെന്നും കളക്ടര്‍ പിന്നീട് അറിയിച്ചതും വിവാദമായി.
നേരം തെറ്റിയുള്ള അവധിപ്രഖ്യാപനവും പ്രതിഷേധത്തെ തുടര്‍ന്നുള്ള തിരുത്തലും ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയുമാണ് വലച്ചത്.
എറണാകുളത്തെ ചില സ്കൂളുകളിൽ 90% വിദ്യാർത്ഥികൾ എത്തിയതായി അധ്യാപകർ പറഞ്ഞു. അവധി പ്രഖ്യാപിച്ച ശേഷം രക്ഷകർത്താക്കൾ എത്തി സ്കൂളുകളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി.
എറണാകുളത്തെ ചില സ്കൂളുകളിൽ 90% വിദ്യാർത്ഥികൾ എത്തിയതായി അധ്യാപകർ പറഞ്ഞു. അവധി പ്രഖ്യാപിച്ച ശേഷം രക്ഷകർത്താക്കൾ എത്തി സ്കൂളുകളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി.
അതിനിടെ ആലുവ – കാലടി റോഡിൽ പുറയാർ ജംഗ്ഷനിൽ ഒരു സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കടന്നുപോയതിന് തൊട്ടുപിന്നാലെ വൻമരം കടപുഴകി വീണതും രക്ഷിതാക്കൾക്ക് ആശങ്ക കൂട്ടി.
സ്കൂളുകളിൽ കുട്ടികളെ അയക്കാൻ വലിയ തയ്യാറെടുപ്പുകൾ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നും, സ്കൂളുകൾ പ്രവർത്തിക്കണമോ എന്നുള്ള തീരുമാനം തലേന്ന് തന്നെ കളക്ടർ എടുക്കേണ്ടിയിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്നത്.
തൃശ്ശൂർ ജില്ലയിലും കളക്ടർ ഇന്നത്തെ അവധി പ്രഖ്യാപിക്കാൻ വൈകിയിരുന്നു.
ഇന്നലെ ഓറഞ്ച് അലർട്ട് ആയിരുന്നതിനാൽ ആണ് അവധി പ്രഖ്യാപനം വൈകിയത് എന്നാണ് വിശദീകരണം.
ഇന്ന് രാവിലെ ആറു മണിയോടുകൂടി ലഭിച്ച റഡാർ ഇമേജ് പ്രകാരം മൂന്നു മണിക്കൂർ അതിതീവ്ര മഴ ഉണ്ടാകുമെന്ന് അറിയിപ്പിന് ശേഷം രാവിലെ ആറരയ്ക്കാണ് തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി പ്രഖ്യാപനം വന്നത്.