Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Watch Video കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സർക്കാരും കേരള ബാങ്കും നിക്ഷേപകരെ വഞ്ചിക്കുന്നുവെന്ന്  കെ.കെ രമ

Watch Vidoe here

ലക്ഷം കോടി നിക്ഷേപമുള്ള കേരള ബാങ്ക് അപെക്സ് ബാങ്ക് എന്ന നിലയിൽ സഹകരണ സ്ഥാപനത്തേയും സഹകാരികളേയും സഹായിക്കാൻ ഒന്നും ചെയ്തില്ല…..

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കൺസോർഷ്യത്തിന് റിസർവ്വ് ബാങ്ക് അനുമതി നിഷേധിച്ചു എന്ന് ഇപ്പോൾ പൊട്ടൻ കളിക്കുകയാണ്……

READ MORE….

തൃശൂർ: നിരവധി നിക്ഷേപകർ  ചികിത്സക്ക് പണം കിട്ടാതെ മരണപ്പെട്ടിട്ടും ‘ഇപ്പോൾ ശരിയാക്കാം’ എന്ന് ആവർത്തിക്കുന്നതിനു പകരം സഹകാരികൾക്ക് നിക്ഷേപങ്ങൾ തിരികെ കിട്ടാൻ പ്രായോഗിക നടപടികൾ ഉണ്ടാവണമെന്ന് കെ.കെ.രമ ആവശ്യപ്പെട്ടു. 

ഇനിയും ചികിത്സക്കും ഉപജീവനത്തിനും പണം കിട്ടാതെ നൂറു കണക്കിനാളുകൾ കഷ്ടപ്പെടുന്നു. തട്ടിപ്പ് പുറത്തു വന്ന് ഒരു വർഷം കഴിഞ്ഞു. സഹകരണ വകുപ്പ് ഉദോഗസ്ഥർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി തിരികെ ജോലിയിൽ പ്രവേശിച്ചു. പ്രതികളിലേറെയും ജാമ്യം കിട്ടി പുറത്തു വന്നു. കുറ്റക്കാർക്ക് സംരക്ഷണം നൽകുന്നത് രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളാണ്. സഹകരണ പ്രസ്ഥാനത്തെ വിശ്വസിച്ച് സമ്പാദ്യങ്ങൾ നിക്ഷേപിച്ചവർക്കാണ് നഷ്ടം വന്നത്. ഇക്കാര്യത്തിലുളള ഒളിച്ചുകളി അവസാനിപ്പിക്കണം, അവർ പറഞ്ഞു.

കേരള ബാങ്ക്,  അവർ കരുവന്നൂർ ബാങ്കിനു നൽകിയ വായ്പകൾ സുരക്ഷിതമാക്കാനാണു ശ്രമിച്ചത്. പ്രാഥമിക സംഘങ്ങളുടെ ലക്ഷം കോടി നിക്ഷേപം കേരള ബാങ്കിനുണ്ട്. അപെക്സ് ബാങ്ക് എന്ന നിലയിൽ സഹകരണ സ്ഥാപനത്തേയും സഹകാരികളേയും സഹായിക്കാൻ ഒന്നും ചെയ്തില്ല. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കൺസോർഷ്യത്തിന് റിസർവ്വ് ബാങ്ക് അനുമതി നിഷേധിച്ചു എന്ന് ഇപ്പോൾ പൊട്ടൻ കളിക്കുകയാണ്. കേന്ദ്രസർക്കാർ സഹകരണ മേഖലയിലും നിയന്ത്രണങ്ങൾക്കു ശ്രമിക്കുന്നതിനിടെ കേരളത്തിലെ സഹകരണ സംഘങ്ങൾ സംഭരിക്കുന്ന ഭീമമായ നിക്ഷേപങ്ങൾ തളികയിലാക്കി റിസർവ്വ് ബാങ്ക് നിയന്ത്രണത്തിനു വിട്ടു കൊടുക്കുകയാണ് കേരള ബാങ്ക് വഴി ഉണ്ടായത്, രമ പറഞ്ഞു.
 
ഒരു ദശാബ്ദത്തിലധികമായി തുടർന്ന കരുവന്നൂരിലേതടക്കമുള്ള തട്ടിപ്പുകാർക്ക് സി.പി.ഐ (എം) നേതൃത്വത്തിന്റേയും ഭരണത്തിന്റേയും പിന്തുണയുണ്ട്. രാഷ്ട്രീയ – ഭരണ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് തട്ടിപ്പുകളിൽ നടപടി എടുക്കാതിരുന്നത്. ഉദോഗസ്ഥരെ സുരക്ഷിതരാക്കി തിരിച്ചെടുത്തത് അതുകൊണ്ടാണ്. ഭരണകക്ഷിയുടേയും പ്രതിപക്ഷത്തിന്റേയും നേതൃത്വത്തിലുള്ള സംഘങ്ങളിൽ നടന്നിട്ടുള്ള തട്ടിപ്പുകൾ ഒതുക്കിത്തീർത്ത് ഒത്തുതീർപ്പുണ്ടാക്കി പ്രശ്നം തീർക്കാനാണ് ഉദ്യമിക്കുന്നത്. ഇത് സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കി തകർച്ചക്കു വഴിയൊരുക്കും, രമ  പറഞ്ഞു.

സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നു എന്ന നിലവിളി സർക്കാരിന്റെ വിഴ്ചകൾ ഒളിപ്പിക്കുന്നതിനുള്ള പുകമറയാണ്. സർക്കാരും സി.പി.ഐ (എം) ഉം തട്ടിപ്പുകാരെ സംരക്ഷിക്കുന്നതാണ് സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. നിക്ഷേപകർക്ക് പണം ലഭിക്കാനും വിശ്വാസ്യത വീണ്ടെടുക്കാനും സത്വര നടപടിയുണ്ടാവണം. 2018 ലെ പ്രളയും 2019 ലെ വെള്ളപ്പൊക്കവും തുടർന്ന് കോവിഡ് അടച്ചുപൂട്ടലും പ്രതിസന്ധിയിലാക്കുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥ പ്രാഥമിക സംഘങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഈ മേഖലയെ സഹായിക്കാൻ അനുഭാവ പൂർണമായ സർക്കാർ ഇടപെടലും സഹായവും ആവശ്യമാണ്. അതിനായി ക്രിയാത്മക നടപടികൾ ഉണ്ടാവണമെന്ന് കരുവന്നൂർ ബാങ്കിന്റെ തട്ടിപ്പിനിരയായി മരണപ്പെട്ട ഫിലോമിനയുടെ വീട് സന്ദർശിച്ചതിന് ശേഷം ആർ.എം.പി.ഐ കേന്ദ്രകമ്മിറ്റി മെമ്പർ കെ.കെ.രമ എം.എൽ.എ ആവശ്യപ്പെട്ടു.

ഇതേ തട്ടിപ്പിന് ഇരയായ രാമകൃഷ്ണന്റെയും, മാധവന്റെയും വീടുകളിൽ ആർ.എം.പി.ഐ പ്രവർത്തകരോടൊപ്പം കെ.കെ രമ സന്ദർശനം നടത്തി. അസുഖബാധിതയായ ഭാര്യയും മൂന്ന് പെണ്മക്കളിൽ ഒരാൾ ശാരീരികവൈകല്യമുള്ള മകളുമാണ്. ഓട്ടു കമ്പനി ജീവനക്കാരനായിരുന്ന രാമകൃഷ്‌ണൻ ചെറിയ വരുമാനത്തിൽ നിന്നുളള നീക്കിയിരിപ്പു തുകയായ നാലു ലക്ഷം രൂപ നിക്ഷേപിച്ചിട്ട് പറ്റിക്കപ്പെടുകയാണ്. ഒരു വശം തളർന്നിരിക്കുന്ന മാധവന്റെ ചികിത്സയ്ക്ക് താൻ നിക്ഷേപിച്ച എട്ടുലക്ഷം തിരികെ ആവശ്യപ്പെട്ടിട്ടും തിരിച്ചു ലഭിക്കാതെ പ്രയാസപ്പെടുകയാണ്, അവർ പറഞ്ഞു.

കേരള ബാങ്ക് രൂപീകരണം കൊണ്ട് സഹകരണ രംഗത്തെ നിക്ഷേപങ്ങളുടേയും അപെക്സ് ബാങ്കിന്റേയും നിയന്ത്രണം സഹകാരികൾക്ക് നഷ്ടമായോ എന്ന് സർക്കാർ വ്യക്തമാക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും സഹകരണ രംഗത്തെ സ്വപ്ന സാക്ഷാത്ക്കാരം സഹകാരികൾക്കും ജനങ്ങൾക്കും വലിയ നഷ്ടമായി മാറിയെന്ന് ആർ.എം.പി.ഐ ജില്ലാ സെക്രട്ടറി പി.ജെ.മോൺസി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സഹകരണരംഗത്തെ ജനാധിപത്യപരമായ ഇടപെടലിനും ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും പുതിയ സംവിധാനം വേണ്ടിവരുമെന്നും പി.ജെ.മോൺസി അഭിപ്രായപ്പെട്ടു.

കെ.കെ.രമ എം.എൽ.എ യോടൊപ്പം ആർ.എം.പി.ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി പി.ജെ.മോൺസി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി.സുരേന്ദ്രൻ, സി.പി.അനീഷ്‌, സുധീർ ചാലക്കുടി, കുന്ദംകുളം നഗരസഭാ കൗൺസിലർമാരായ ബീന രവി, റീജ സലിൽ ജില്ലാ കമ്മിറ്റി മെമ്പർ സലിൽ ഏറത്ത്, മഹിളാ  വിഭാഗം പ്രതിനിധികളായ ഗീത രാജീവ്, താര അനിൽ, റവല്യൂഷണറി യൂത്ത് ഭാരവാഹി മുഹമ്മദ് ഹാരിസ് പി.എ എന്നിവർ കെ.കെ.രമയോടൊപ്പം തട്ടിപ്പിനിരയായവരുടെ വീടുകൾ സന്ദർശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *