തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ നാളെ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ അടച്ചിടും. പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍റേതാണ് തീരുമാനം. പെട്രോളിയം ഡീലേഴ്സ് നേതാക്കളെ മർദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ കയ്യേറ്റം ചെയ്തെന്നാണ് ആരോപണം. പമ്പുകളിൽ ഇന്ധനവുമായി എത്തുന്ന ലോറി ഡ്രൈവർമാർക്ക് ‘ചായ പൈസ’ എന്ന പേരിൽ 300 രൂപ വരെ നൽകാറുണ്ട്. ഈ തുകയിൽ വർദ്ധന വേണമെന്നായിരുന്നു ഡ്രൈവർമാരുടെ ആവശ്യം. ആവശ്യം ഡീലർമാർ അംഗീകരിച്ചില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ കോഴിക്കോട് എലത്തൂരിൽ ചർച്ച നടന്നു. ഈ യോഗത്തിൽ വച്ച് ഡീലർമാരെ ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്നാണ് ആരോപണം.
പെട്രോൾ പമ്പുകൾ നാളെ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ അടച്ചിടും
