തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നിലെ സൂത്രധാരന്‍
മുഖ്യമന്ത്രി പിണറായി വിജയനെന്ന്് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
ബിജെപിയെ വിജയിപ്പിക്കാന്‍ പിണറായിയുടെ അറിവോടെയാണെന്ന് പൂരം കലക്കിയത്. പൂരം കലക്കിയതിനെതിരെ തേക്കിന്‍കാട് മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സേവാഭാരതിയുടെ ആംബുലന്‍സില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ എത്തിക്കുന്നതിനും, ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും പോലീസ് എസ്‌കോര്‍ട്ട് നല്‍കിയെന്നും സതീശന്‍ പറഞ്ഞു.
പൂരം കലക്കാനുള്ള തന്റെ പ്ലാന്‍ നന്നായി നടപ്പാക്കുന്നുണ്ടോയെന്ന് അറിയാനാണ് എ.ഡി.ജി.പിയായ എം.ആര്‍.അജിത്കുമാര്‍ എത്തിയത്. എപ്പോള്‍ ഉറങ്ങണമെന്നും എഴുന്നേല്‍ക്കണമെന്നും കൃത്യമായ ചിട്ടയുള്ളയാളാണ് പിണറായി.
അങ്ങനെയുള്ള പിണറായി പൂരം പോലീസ് ഇടപ്പെട്ട് കലക്കിയത് അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. ഏതെങ്കിലും അന്തം കമ്മി വിശ്വസിക്കുമോ എന്നും സതീശന്‍ ചോദിച്ചു.
രാത്രി ഒമ്പത് മണിക്ക് പ്രധാനപ്പെട്ട പ്രവേശന വഴികള്‍ എല്ലാം അടയ്ക്കുകയാണ്. പൂരം കാണാന്‍ വന്ന പൂരപ്രേമികളെ എത്ര സ്ഥലത്ത് പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. ദേവസ്വം ഭാരവാഹികളെ ഉള്‍പ്പെടെയുള്ള ആളുകളെ പോലീസ് തള്ളിനീക്കി. ആളുകളെ പ്രകോപിപ്പിക്കാന്‍ പച്ചത്തെറിയാണ് പറഞ്ഞത്. ആനയ്ക്ക് പട്ടകൊടുക്കാന്‍ പോലും പോലീസ് സമ്മതിച്ചില്ല. ഇത് പൂരം കലക്കാനുള്ള പ്ലാനിന്റെ ഭാഗമായിരുന്നെന്നും സതീശന്‍ പറഞ്ഞു.