തൃശ്ശൂര്‍: ആന എഴുന്നള്ളിപ്പിനുള്ള ഹൈക്കോടതിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന്്് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ വ്യക്തമാക്കി. കോടതിയുടെ പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ഒരു പൂരവും നടത്താന്‍ കഴിയില്ല. എഴുന്നള്ളിപ്പുകള്‍ നടത്താന്‍ കഴിയില്ലെന്ന കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതി ഉത്തരവിന് പിന്നില്‍ വനം വകുപ്പാണെന്നും ദേവസ്വങ്ങള്‍ ആരോപിച്ചു.
ഇപ്പോഴത്തെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തൃശ്ശൂര്‍ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു. 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂരത്തില്‍ ഒരു വിഭാഗത്തിന് തന്നെ 150 ആനകള്‍ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങിയ എന്‍.ജി.ഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും, കേസില്‍ തിരുവമ്പാടി കക്ഷി ചേരുമെന്നും അദ്ദേഹം പറഞ്ഞു.
പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമെന്നും അദ്ദേഹം വിമര്‍ശിച്ചു.
തൃശ്ശൂരിലെ പൂരം അട്ടിമറിക്കാന്‍ ലക്ഷ്യമിടുന്ന വിദേശ ശക്തികള്‍ അടക്കമുള്ളവരുടെ നീക്കമുണ്ടെന്ന് പൂരപ്രേമി സംഘം കണ്‍വീനര്‍ വിനോദ് കണ്ടേംകാവില്‍ പറഞ്ഞു.ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ വന്നാല്‍ പൂരം എഴുന്നള്ളിപ്പ് നടക്കില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മിനിറ്റുകള്‍ കൊണ്ട് പരിഹരിക്കാന്‍ പറ്റുന്ന വിഷയമാണിത്. കേരളത്തിലേക്ക് ആനകളെ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടിയും സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.