പ്രൊഫ.കെ.ജി.ശങ്കരപിള്ള, പ്രൊഫ.സാറാജോസഫ്, റഫീഖ് അഹമ്മദ്, സി.ആര്‍.നീലകണ്ഠന്‍, സി.ആര്‍.പരമേശ്വരന്‍, ഡോ.എസ്.ശങ്കര്‍, പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമരസംഗമത്തില്‍ പങ്കെടുക്കും
തൃശൂര്‍: കെ-റെയില്‍ പദ്ധതിക്കുവേണ്ടി 8 മുതല്‍ 18 മീറ്റര്‍ വരെ ഉയരത്തില്‍ 25 മീറ്റര്‍ വീതിയില്‍ കേരളത്തിന്റെ പകുതിയോളം നീളത്തില്‍ ഭീമാകാരമായ ബണ്ട് കെട്ടുന്നത്് വെള്ളപ്പൊക്കത്തിനിടും വന്‍നാശത്തിനും ഇടയാക്കുമെന്ന് കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി മുന്നറിയിപ്പ് നല്‍കി. നിര്‍മ്മാണത്തിന് വേണ്ടി വരുന്ന 70 ലക്ഷം ലോറി കരിങ്കല്ലും, അതിലേറെ മണ്ണും ശേഖരിക്കാന്‍ പശ്ചിമഘട്ടം തുരക്കും. പദ്ധതിക്കായി ഒരു ലക്ഷത്തിലേറെ മനുഷ്യര്‍ക്ക് വീടും ഭൂമിയും നഷ്ടമാകും.
നിലവിലുള്ള ട്രെയിന്‍ നിരക്കിന്റെ അഞ്ചിരട്ടി യാത്രാക്കൂലി നല്‍കി എണ്‍പതിനായിരം പേര്‍ പ്രതിദിനം കെ-റെയില്‍ വഴിയുള്ള ട്രെയിനില്‍ യാത്ര ചെയ്യുമെന്ന ഡീറ്റെയില്‍ പ്രോജക്ട് റിപ്പോര്‍ട്ടിലെ ( ഡി.പി.ആര്‍) വാദം അടിസ്ഥാന സാങ്കേതിക പഠനം നടത്താതെയാണെന്നും സമിതി സംസ്ഥാന രക്ഷാധികാരി പ്രൊഫ.കുസുമം ജോസഫ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത് വരെ സമിതി സമരരംഗത്തുണ്ടാകും.
മെയ് 26ന് രാവിലെ 10ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടത്തുന്ന സമരസംഗമം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.ജി.ശങ്കരപിള്ള, പ്രൊഫ.സാറാജോസഫ്, റഫീഖ് അഹമ്മദ്, സി.ആര്‍.നീലകണ്ഠന്‍, സി.ആര്‍.പരമേശ്വരന്‍, ഡോ.എസ്.ശങ്കര്‍, പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമരസംഗമത്തില്‍ പങ്കെടുക്കും.