തൃശൂര്‍: പുതുവത്സരം പിറക്കുന്നതോടെ നഗരം ‘പൂരത്തിരക്കി’ലേക്ക്. തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജനുവരി 2ന് പ്രതിഷേധപ്പൂരം സംഘടിപ്പിക്കും. ജനുവരി 3ന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍ പൂരം പ്രതിസന്ധി കൊണ്ടുവരുന്നത് പാറമേക്കാവ് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ മിനി പൂരവും ഒരുക്കും. ചെമ്പടയുടെ അകമ്പടിയില്‍ 15 ആനകളെ അണിനിരത്തിയാണ് മിനിപ്പൂരം. പ്രധാനമന്ത്രിയുടെ റോഡ്് ഷോ സമയത്താണ് പാറമേക്കാവിന് മുന്നില്‍ മിനി പൂരം. മേളത്തിന് 200 ഓളം വാദ്യകലാകാരന്‍മാര്‍ പങ്കെടുക്കും.
കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 2 ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിനു മുന്നിലാണ് രാവിലെ 11 മണിക്ക് പ്രതിഷേധ പകല്‍ പൂരം.
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പൂരം എക്‌സിബിഷന്റെ തറവാടക ഈടാക്കില്ലെന്ന് ടി.എന്‍.പ്രതാപന്‍ എം.പി പത്രസമ്മേളനത്തില്‍ അറിയിച്ചു.
പൂരം പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച നല്ല ലക്ഷ്യത്തോടെയായിരുന്നുവെങ്കില്‍ ജനുവരി നാലിന് ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ പൂരത്തിന് അനുകൂലമായ നിലപാട് കോടതിയില്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.പൂരം പ്രദര്‍ശന നഗരിയുടെ തറവാടക സംബന്ധിച്ച കാര്യങ്ങളില്‍ ഹൈക്കോടതിയില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിജസ്ഥിതി ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.