കേസിന്റെ യാതൊരുവിധ അന്വേഷണ ചുമതലയും ഇല്ലാതിരുന്ന ശ്രീലേഖ ഇത്തരം വിവരങ്ങൾ നിരത്തി ഇതുപോലൊരു വീഡിയോ ചെയ്തത് എന്തടിസ്ഥാനത്തിൽ ആണെന്ന് അതിജീവതയുടെ അഭിഭാഷക ടി.ബി. മിനി ചോദിച്ചു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നടൻ ദിലീപിനെതിരെ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും കെട്ടിച്ചമച്ച തെളിവുകളാണ് നൽകിയിട്ടുള്ളത് എന്ന വിവാദ പ്രസ്താവന ഇന്നലെ രാത്രി തൻറെ യൂട്യൂബ് ചാനലിന്റെ 75-ാം എപ്പിസോഡിൽ ഏകദേശം മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിലൂടെ പറഞ്ഞ മുൻ ജയിൽ ഡി.ജി.പി ആർ ശ്രീലേഖ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത് ആദ്യമായല്ല.
നടിയുടെ കുടുംബവും വക്കീലും വനിതാ സിനിമ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സിയും കേസിലെ സാക്ഷികളും ശ്രീലേഖക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്.
കേസിന്റെ യാതൊരുവിധ അന്വേഷണ ചുമതലയും ഇല്ലാതിരുന്ന ശ്രീലേഖ ഇത്തരം വിവരങ്ങൾ നിരത്തി ഇതുപോലൊരു വീഡിയോ ചെയ്തത് എന്തടിസ്ഥാനത്തിൽ ആണെന്ന് അതിജീവതയുടെ അഭിഭാഷക ടി.ബി. മിനി ചോദിച്ചു.
ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്താൻ പ്രോസിക്യൂഷൻ തീരുമാനിച്ചു കഴിഞ്ഞു. ആരോപണങ്ങളിൽ ശ്രീലേഖ ഉറച്ചുനിൽക്കുകയാണെങ്കിൽ കോടതി അലക്ഷ്യത്തിന് പ്രോസിക്യൂഷൻ നടപടി തുടങ്ങും.
കേസിൽ എട്ടാം പ്രതിയായ ദിലീപും ഒന്നാം പ്രതിയായ പൾസർ സുനിയും ഒരുമിച്ചു നിൽക്കുന്ന ചിത്രം വ്യാജമാണ് എന്ന് ശ്രീലേഖ യൂട്യൂബ് വീഡിയോയിൽ പറയുന്നു.
തൃശ്ശൂരിൽ ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങ് സമയത്ത് തൃശ്ശൂർ പുഴക്കലിലെ ടെന്നീസ് ക്ലബ്ബിൽ സുനിയും ദിലീപും ഒരു ഫ്രെയിമിൽ നിൽക്കുന്ന ചിത്രം ബിദിൽ എന്ന ഫോട്ടോഗ്രാഫർ എടുത്ത സെൽഫി ആണ്. ചിത്രം താൻ തന്നെ എടുത്തതാണെന്നും യാതൊരുവിധ കൃത്രിമവും ചിത്രത്തിന് ഇല്ല എന്ന് ബിദിൽ ഇന്ന് വ്യക്തമാക്കി. ഇക്കാര്യങ്ങൾ കോടതിയിൽ പറഞ്ഞിട്ടുണ്ടെന്നും ബിദിൽ പറഞ്ഞു.
പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് എഴുതിയ കത്ത് വിപിൻ ലാൽ എന്ന സഹ തടവുകാരൻ സുനി പറഞ്ഞത് പ്രകാരം എഴുതിയതാണ് എന്നത് അന്വേഷണത്തിൽ കണ്ടെത്തിയതാണ്. എന്നാൽ ഇക്കാര്യം പറയാതെ പൾസർ സുനി അല്ല കത്ത് എഴുതിയത് എന്നും വിപിൻ ലാലാണ് അതെഴുതിയത് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ശ്രീലേഖയുടെ വീഡിയോ.
സുനി പറഞ്ഞുകൊടുത്ത് വിപിൻലാൽ കത്തെഴുതുന്നത് ജയിലിലെ സിസിടിവിയിൽ വ്യക്തമാണെന്ന് സഹതടവുകാരനും സാക്ഷിയുമായ തൃശ്ശൂർ പീച്ചി സ്വദേശി ജിൻസൺ ഇന്ന് വ്യക്തമാക്കി. മുൻ ഡിജിപിയുടേത് സിനിമ നടനോടുള്ള ആരാധനയാണ് എന്നാണ് ജിൻസൺ പറയുന്നത്.
ദിലീപിനെ ന്യായീകരിക്കുന്ന ശ്രീലേഖ ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ കോടതി മുൻപാകെ ഇതുവരെ ഹാജരാക്കിയിട്ടില്ല എന്നും അതിനെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്നും കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ചോദിക്കുന്നു.
മുൻ ഡിജിപി ദിലീപിനായി ചെയ്യുന്ന പി ആർ വർക്ക് കണ്ട് അവരോട് സഹതാപം മാത്രമേ ഉള്ളൂ എന്ന് അതിജീവിതയുടെ അടുത്ത ബന്ധു ഫേസ്ബുക്കിൽ കുറിച്ചു.
ശ്രദ്ധ നേടാൻ പലതും ‘തള്ളുന്ന ‘ സ്വഭാവക്കാരിയാണ് മുൻപേ ശ്രീലേഖ എന്ന് ആക്ടിവിസ്റ്റ് ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.
2005 – ൽ എസിപി ആയിരിക്കെ ആറുമാസം പ്രായമുള്ള ഗുരുതര രോഗമുള്ള ഒരു കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊന്നു ഒരു അമ്മയെ കേസിൽ ഉൾപ്പെടുത്താതെ രക്ഷിച്ചു എന്ന് ശ്രീലേഖ ഒരു പ്രസിദ്ധീകരണത്തിൽ സർവീസ് സ്റ്റോറി എന്ന രീതിയിൽ എഴുതിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വിവാഹേതര ബന്ധത്തിലായിരുന്നു ആ കുട്ടി ജനിച്ചത് എന്നും ഗുരുതര രോഗമുള്ളതിനാൽ അധികനാൾ ജീവിക്കില്ല എന്നുള്ളതുകൊണ്ട് ആണ് കുട്ടിയെ കൊലപ്പെടുത്തിയ അമ്മയെ രക്ഷിക്കാനുണ്ടായ കാരണമെന്ന് ലേഖനത്തിൽ പറയുന്നുണ്ട്.
എന്നാൽ ഈ വിഷയത്തിൽ തന്റെ പരാതി പ്രകാരം നടന്ന അന്ന് ഐ.ജിയായിരുന്ന ടി പി സെൻകുമാറിന്റെ അന്വേഷണത്തിൽ ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ തൻറെ രചന കേവലം ഒരു സാഹിത്യസൃഷ്ടി മാത്രമായിരുന്നു എന്ന് പറഞ്ഞ് ശ്രീലേഖ തടിയൂരി. വായനക്കാരെ താൻ വഞ്ചിക്കുകയായിരുന്നു എന്നും അന്ന് ശ്രീലേഖ പറഞ്ഞിരുന്നതായി ജോമോൻ.
തൻറെ ആത്മകഥയായ ‘ദൈവത്തിൻറെ സ്വന്തം വക്കീൽ ‘ എന്ന പുസ്തകത്തിൽ ഇക്കാര്യം പ്രത്യേകം പരാമർശിച്ചിട്ടുണ്ട് എന്ന് ജോമോൻ പറഞ്ഞു.
തനിക്ക് പറയാനുള്ളതെല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട് എന്നും കൂടുതലായി ഒന്നും വിഷയത്തിൽ പറയാനില്ല എന്നാണ് ശ്രീലേഖയുടെ നിലപാട്.