തൃശൂര്‍: പിന്നിട്ട കാലത്തെ ഓര്‍മ്മകളെ കൊട്ടിയുണര്‍ത്തി തൃശൂര്‍ പൂരം മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയന്‍മാരാരും, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരും.
പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തിന് പ്രമാണിയാകാന്‍ കഴിഞ്ഞതിന് പിന്നില്‍ ഗുരുക്കന്‍മാരുടെ അനുഗ്രഹവും, ഈശ്വരകടാക്ഷവുമെന്ന് പാറമേക്കാവ് വിഭാഗത്തിന്റെ മേളപ്രമാണി കിഴക്കൂട്ട് അനിയന്‍മാരാര്‍ പറഞ്ഞു. ഇലഞ്ഞിത്തറമേളവും, തിരുവമ്പാടിയുടെ മേളവും ഒന്നു തന്നെയാണെന്ന് തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പറഞ്ഞു. ഇലഞ്ഞിച്ചോട്ടിലായതുകൊണ്ട് പാറമേക്കാവിന്റെ മേളത്തിന് പ്രസിദ്ധി കൂടി. പടിഞ്ഞാറേഗോപുരത്തിന് പുറത്ത് നടക്കുന്ന തിരുവമ്പാടിയുടെ മേളത്തിന് ശ്രീമൂലസ്ഥാനം മേളമെന്ന് പേരിടുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് തൃശൂര്‍ പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
പൂരം നാളില്‍ 12 മണിക്ക് ചെമ്പട കൊട്ടി പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് ഇലഞ്ഞിത്തറമേളത്തിനുള്ള എഴുന്നള്ളിപ്പ് തുടങ്ങും. 2 മണിയോടെ ഇലഞ്ഞിച്ചോട്ടിലെത്തിയാല്‍ പതികാലം തുടങ്ങും. നാലരക്ക് മേളം കലാശിക്കുമെന്നും കിഴക്കൂട്ട് അനിയന്‍മാരാര്‍ പറഞ്ഞു. 79 വയസ്സായെങ്കിലും എത്ര നേരം കൊട്ടിയാലും ക്ഷീണം തോന്നാറില്ല. കൊട്ട് ആവേശമാണ്. 36 വര്‍ഷം പാറമേക്കാവിന് വേണ്ടിയും, 12 വര്‍ഷം തിരുവമ്പാടിക്ക് വേണ്ടിയും കൊട്ടി. 3 തവണ ഇലഞ്ഞിത്തറമേളത്തിന് പ്രമാണിയായെന്നും കിഴക്കൂട്ട് പറഞ്ഞു. 12 വര്‍ഷം തൃശൂര്‍ പൂരത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ചെറുപൂരങ്ങളില്‍ പങ്കെടുത്തിരുന്നു. ചൂരക്കോട്ടുകാവിന് വേണ്ടി 12 തവണ പ്രമാണിയായെന്നും കിഴക്കൂട്ട് പറഞ്ഞു.
പുതിയ തലമുറയിലും മികച്ച കൊട്ടുകാരുണ്ടെന്ന് ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പറഞ്ഞു. എട്ടാം വയസ്സിലാണ് തന്റെ അരങ്ങേറ്റം. പതിമൂന്നാം വയസ്സില്‍ മേളം കൊട്ടിത്തുടങ്ങി. പതിനേഴാം വയസ്സില്‍ പ്രമാണിയായി. നാല്‍പത് കൊല്ലമായി തൃശൂര്‍ പൂരത്തിന്റെ ഭാഗമാണ്. 2011 മുതല്‍ തൃശൂര്‍ പൂരത്തിന് മേളത്തില്‍ വലന്തലക്കാരനായി. ചെറുപൂരങ്ങളിലും പങ്കാളിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചവാദ്യത്തില്‍ ഇടയ്ക്ക് തിമിലയും കൊട്ടാറുണ്ട്. ഇലഞ്ഞിത്തറമേളത്തിന് പ്രമാണിയാകാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേജര്‍ മേളത്തിന് 170 പേരില്‍ കൂടുതല്‍ വാദ്യക്കാര്‍ വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊട്ടിക്കറിയ കാലങ്ങളെ സ്മരിച്ച് മേളപ്രമാണിമാരായ കിഴക്കൂട്ടും, ചേരാനെല്ലൂരും
