തൃശൂർ: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍(73) ഇനി ഓർമ്മ. ഏറെ നാളായി അര്‍ബുദരോഗത്തിന് ചികിത്സലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയില്‍ വെച്ചായിരുന്നു അന്ത്യം. നിലവില്‍ കെ എസ് എഫ് ഡി സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.
മലയാള സിനിമയെ അന്തര്‍ദേശീയമായ തലത്തില്‍ അടയാളപ്പെടുത്തിയ ഒട്ടേറെ സിനിമകളില്‍ ഛായാഗ്രാഹകനായും സംവിധായകനായും ഷാജി എന്‍ കരുണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഛായാഗ്രാഹകനായി അരങ്ങേറിയ അദ്ദേഹം നാൽപത് വർഷത്തോളം സിനിമകളില്‍ ഛായാഗ്രാഹകനായി പ്രവർത്തിച്ചു. ‘പിറവി’യാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിറവിക്ക് 1989ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. രണ്ടാമത്തെ സിനിമയായ ‘സ്വം’ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ തെരെഞ്ഞെടൂക്കപ്പെട്ട ഏക മലയാള സിനിമയാണ്. 2011ല്‍ രാജ്യം പത്മശ്രീ അവാര്‍ഡ് നല്കി ആദരിച്ചു. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചിരുന്നു.
ഛായാഗ്രഹകനായി കാഞ്ചനസീത, തമ്പ്, കുമ്മാട്ടി,എസ്താപ്പാന്, പോക്കുവെയില്‍ ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന് സിനിമകളിലെ ഷാജി എന്‍ കരുണ്‍ പ്രവർത്തിച്ചു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരവും 3 സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. കുട്ടിസ്രാങ്ക്, വാനപ്രസ്ഥം,സ്വാപാനം, നിഷാദ് ഓള് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. 7 ദേശീയ പുരസ്കാരങ്ങളും 7 സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.