Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

3500 രൂപ ടാക്സി കൂലി പ്രതിഫലമായി കിട്ടിയത് 2400 രൂപ: ബാലചന്ദ്രന്‍ ചുള്ളിക്കാട്

തൃശൂര്‍: കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിമര്‍ശനം ഉള്‍ക്കൊള്ളുന്നതായി കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ.സച്ചിദാനന്ദന്‍ അറിയിച്ചു. ബാലചന്ദ്രനുണ്ടായ പ്രശ്‌നത്തില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അഡ്മിനിസ്‌ട്രേഷന്റെ പ്രശ്നമാണ്, ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടക്കുന്നത്. നിയമപരമായി നല്‍കി വരുന്ന തുകയാണ് നല്‍കിയത്.
ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്‌നമാണെന്നും ഇതിനെ ഒരു വ്യക്തി പ്രശ്‌നമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമാണെന്നാണ് എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സുഹൃത്ത് സി.ഐ.സി.സി. ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേയ്സ് ബുക്കില്‍ കുറിപ്പിട്ടത്. അക്കാദമി ക്ഷണപ്രകാരം  ജനുവരി 30ന്  സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്.

കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാദമി ക്ഷണിച്ചതനുസരിച്ച്  കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തതായി പോസ്റ്റിലുണ്ട്.
50 വര്‍ഷം ആശാന്‍കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞതെന്നും പ്രതിഫലമായി എനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണെന്നും പോസ്റ്റില്‍ പറയുന്നു.

എറണാകുളത്തു നിന്ന് തൃശൂര്‍ വരെ യാത്രയ്ക്കായി 3,500 രൂപ ചെലവായി. 1,100 രൂപ ഞാന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു ഞാന്‍ നേടിയ പണത്തില്‍നിന്നാണ്. സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല.

ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, സാഹിത്യ അക്കാദമി വഴി എനിക്കു നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2,400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും കുറിപ്പില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *