Newsskerala

അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമെന്ന് ലീഗ് അധ്യക്ഷന്‍

കൊച്ചി: രാമക്ഷേത്രത്തെ അനുകൂലിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള ലീഗ് അധ്യക്ഷന്റെ മൃദുഹിന്ദുത്വ നിലപാട് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കും.

അയോധ്യയിലെ രാമക്ഷേത്രവും തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. ജനുവരി 24ന് മഞ്ചേരിക്കടുത്ത് പുല്‍പറ്റയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും സെന്‍സിറ്റീവായ മുസ്ലിങ്ങള്‍ കേരളത്തിലാണെന്നും പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നുവെന്ന് സാദിഖലി തങ്ങള്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതില്‍ നിന്ന് പുറകോട്ട് പോകാനാവില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിലുള്ള  നിര്‍മ്മിതിയാണ് രാമക്ഷേത്രം. അങ്ങിനെ തന്നെയാണ് ബബരി മസ്ജിദും. രണ്ടും ഇന്ത്യയുടെ ഭാഗമാണ്. മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. അത് കര്‍സേവകര്‍ നടത്തുന്നതാണ്. തകര്‍ത്തതും അവരാണെന്ന് നമുക്കറിയാം. അതില്‍ അക്കാലത്ത് നമുക്ക് പ്രതിഷേധം ഉണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാനും നമുക്ക് സാധിച്ചുവെന്നും  സാദിഖലി തങ്ങള്‍ പറഞ്ഞു.

രാമക്ഷേത്രവും അയോധ്യയില്‍ നിര്‍മ്മിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി തങ്ങളുടെ പ്രസംഗത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വെള്ളത്തിന് തീ പിടിക്കുമ്പോള്‍ അത് കെടുത്താന്‍ ആണ് തങ്ങള്‍ ശ്രമിച്ചതെന്നും തീവ്രവാദ സ്വഭാവമുള്ള സംഘങ്ങള്‍ വര്‍ഗീയ ചേരി തിരിവിന് ശ്രമിക്കുമ്പോള്‍ സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ ഇങ്ങനെ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *