റായ്പൂര്‍: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. നിര്‍ബന്ധിതമതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മതപരിവര്‍ത്തനം നടത്താന്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസസഭയിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. മാനവസേവയ്ക്കും സാമൂഹ്യസേവനത്തിനും സ്വയം സമര്‍പ്പിച്ച രണ്ട് കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്തു നടത്തുന്നുവെന്ന ബജ്രംഗ്ദളിന്റെ സത്യവിരുദ്ധമായ പരാതിയെത്തുടര്‍ന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളെയും സിസ്റ്റര്‍മാരെയും പോലീസിനു പകരം ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് എന്നിവര്‍ അടിയന്തരമായി ഇടപെടണമെന്ന് എംപിമാരും രാഷ്ട്രീയനേതാക്കളും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുനേരേ ഇത്തരം തീവ്ര സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കേന്ദ്രസര്‍ക്കാരിന്റെ ഉടനടിയുള്ള ഇടപെടല്‍ വേണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന് സമിതി വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡ് പോലീസിന്റെ അന്യായ നടപടിക്കെതിരേ ഇന്ന് കോടതിയെ സമീപിക്കുമെന്ന് സിബിസിഐ വ്യക്തമാക്കി. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകള്‍ കുട്ടികളുമായി യാത്രതിരിച്ചത്. കൂടാതെ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായവരുമാണ്. ഒരു ആദിവാസി പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പെണ്‍കുട്ടികളുമായി ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ മാതാപിതാക്കളുടെ സമ്മതപ്രകാരം ജോലിക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിനായി കടത്തിക്കൊണ്ടുപോകുന്നുവെന്നായിരുന്നു ആരോപണം. അറസ്റ്റിന് പിന്നാലെ കന്യാസ്ത്രീകളെ കാണാനോ നിയമപരമായ സഹായം തേടാനോ പോലീസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. ഈ സാഹചര്യത്തില്‍ പോലീസ് സ്വീകരിച്ച നടപടിയില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. കന്യാസ്ത്രീകള്‍ ഇപ്പോഴും ജുഡീഷല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സ്ഥലത്ത് എത്തിയതായാണ് വിവരം.
വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്ക്കും കത്തെഴുതി. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം എംപി ജോസ് കെ. മാണി പ്രധാനമന്ത്രിക്ക് കത്തെഴുതി.
രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസും വിഷത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാരായ ബെന്നി ബെഹനാന്, ഹൈബി ഈഡന്, ആന്റോ ആന്റണി തുടങ്ങിയവര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. മതപരമായ പ്രവര്‍ത്തനങ്ങളെ വര്‍ഗീയ കണ്ണിലൂടെ നോക്കുന്ന സമീപനമാണ് ഇവിടെയുണ്ടായത്. ഇത് നിയമവാഴ്ചയെയും ഇന്ത്യയുടെ മതനിരപേക്ഷ സങ്കല്‍പ്പത്തെയും വലിയ രീതിയില്‍ ബാധിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി കുറ്റപ്പെടുത്തി. സിപിഐ നേതാക്കളായ സന്തോഷ് കുമാര്‍ എംപി, ആനി രാജ തുടങ്ങിയവര്‍ റായ്പുര്‍ ആര്‍ച്ച് ബിഷപ് വിക്ടര്‍ ഹെന്റി താക്കൂറിനെ കണ്ട് പിന്തുണ അറിയിച്ചു.