Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പ്രിയ വർഗീസിന്റെ നിയമനത്തിൽ ഞെട്ടിപ്പിക്കുന്ന ക്രമക്കേടിന്റെ രേഖകൾ പുറത്ത്

കണ്ണൂർ സർവ്വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റ് ഗവർണർ റദ്ദാക്കിയേക്കും

അടിസ്ഥാന യോഗ്യത പോലും ഇല്ല എന്ന ആരോപണം നേരിടുന്ന പ്രിയ വർഗീസിന് റിസർച്ച് സ്ക്കോറിൽ
495 മാർക്ക് പിന്നിൽ നിൽക്കെ ഇൻറർവ്യൂവിൽ ലഭിച്ചത് ഒന്നാം റാങ്ക്.

റാങ്ക് ലിസ്റ്റിൽ ഒന്നാമതും പ്രിയ തന്നെ!

കൊച്ചി: സിപിഎം നേതാവും, മുൻ രാജ്യസഭാ അംഗവും നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ കെ രാഗേഷിന്റെ പത്നി പ്രിയ വർഗീസ്  കണ്ണൂർ സർവ്വകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർക്കായുള്ള ഇൻറർവ്യൂവിൽ ഒന്നാമതെത്തിയ ശേഷം റാങ്ക് ലിസ്റ്റിലും ഒന്നാം സ്ഥാനക്കാരിയായത് വലിയ അട്ടിമറിയിലൂടെ എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്.

സിപിഎം നേതാക്കളായ കെ. രാജീവ്, എം. ബി രാജേഷ്, പി കെ ബിജു എന്നിവരുടെ ഭാര്യമാരുടെ സർവ്വകലാശാല നിയമനങ്ങൾ വലിയ വിവാദമായിരുന്നെങ്കിലും, പ്രിയയുടെ കാര്യത്തിൽ അവർക്ക് അസോസിയേറ്റ് പ്രൊഫസർ ആകാനുള്ള അടിസ്ഥാന യോഗ്യത പോലും ഇല്ല എന്നാണ് ഈ വിഷയത്തിൽ രേഖകൾ സഹിതം ഗവർണർക്ക് പരാതി നൽകിയ സേവ് യൂണിവേഴ്സിറ്റി ഫോറം എന്ന സംഘടനയുടെ ഭാരവാഹികൾ പറയുന്നത്.

അധ്യാപകത യോഗ്യത യു.ജി.സി മാനദണ്ഡപ്രകാരം എട്ടുവർഷം വേണമെന്നിരിക്കെ, പ്രിയ വർഗീസിന് നാല് വർഷം പോലും പൂർണ്ണമായുള്ള അധ്യാപക പ്രവർത്തി പരിചയം ഇല്ലെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറം പറയുന്നത്.

സ്റ്റുഡൻസ് സർവീസ് മേധാവി എന്ന അനധ്യാപക പദവി വഹിച്ച രണ്ടുവർഷവും പ്രവർത്തി പരിചയമായി കണക്കിലെടുത്തു എന്ന് വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തമാണെന്ന് അവർ പറയുന്നു.

മറ്റൊരു വസ്തുത, അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരുക്കിയ റിസർച്ച് സ്കോർ കാർഡ് ആണ്.

6 ഉദ്യോഗാർത്ഥികൾ ഉള്ളതിൽ 156 മാർക്കാണ് റിസർച്ച് സ്കോർ കാർഡ് പട്ടികയിൽ ഏറ്റവും ഒടുവിലുള്ള പ്രിയക്ക് ലഭിച്ചത്. അതേസമയം, ഒന്നാം സ്ഥാനം നേടിയ പ്രിയക്ക് തൊട്ടു പിന്നിലുള്ള ഉദ്യോഗാർത്ഥി ജോസഫ് സ്കറിയക്ക് റിസർച്ച് സ്കോർ ആയി ലഭിച്ചത് 651 മാർക്ക്. പ്രിയയെക്കാൾ 495 മാർക്ക് കൂടുതൽ.

ഗവേഷണ സംബന്ധമായി ഒറിജിനൽ പ്രബന്ധങ്ങൾ ഹാജരാക്കണമെന്ന് യുജിസി നിബന്ധന നിലവിലിരിക്കെ മൂന്ന് പിജി ഡെസർട്ടേഷൻ മാത്രം പ്രിയ ഹാജരാക്കിയപ്പോൾ, നിരവധി പി.എച്ച്.ഡി ഗവേഷണ പഠനങ്ങൾ സ്കറിയ  സർച്ച് കമ്മിറ്റി മുമ്പാകെ വച്ചിരുന്നു.

എന്നിട്ടും ആറു പേരുടെ പട്ടികയിൽ ഇൻറർവ്യൂവിൽ 32 മാർക്കുമായി പ്രിയ ഒന്നാം സ്ഥാനക്കാരിയായി റാങ്ക് ലിസ്റ്റിലും ഒന്നാം സ്ഥാനം കിട്ടി ! സ്കറിയയ്ക്ക് ഇൻറർവ്യൂവിന് ലഭിച്ചത് 30 മാർക്ക്.

2018ലെ യുജിസി  റഗുലേഷൻ പ്രകാരം ഇൻറർവ്യൂവിന് പ്രാധാന്യം നൽകണമെന്ന് വ്യവസ്ഥയുടെ മറവിൽ കണ്ണൂർ സർവ്വകലാശാലയിലെ വി.സി. പ്രൊഫ. ഗോപിനാഥ രവീന്ദ്രൻ നും സെലക്ട് കമ്മിറ്റിയും പ്രിയ വർഗീസിന് റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടാൻ നടത്തിയത് ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തെ നാണം കെടുത്തുന്ന ഇടപെടലുകളും അട്ടിമറിയും.

റാങ്ക് ലിസ്റ്റ് മാത്രമേ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ളൂ. വിഷയത്തിൽ വിവാദവും പരാതികളും നിലനിൽക്കെ നിയമന ഉത്തരവ് നൽകിയിട്ടില്ല.

15 വർഷത്തെ അധ്യാപന പരിചയമാണ് രണ്ടാം സ്ഥാനക്കാരനായ സ്കറിയക്കുള്ളത്. തൃശ്ശൂർ കേരളവർമ്മ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ആണ് പ്രിയ വർഗീസ്. ഇപ്പോൾ ഡെപ്യൂട്ടേഷനിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിച്ചാൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ സ്ഥാനത്തേക്ക് അവരെ നിയമിക്കാനുള്ള ശ്രമങ്ങൾ നടക്കുമെന്നും ഫോറം പ്രവർത്തകർ പറയുന്നു. രണ്ടു ദിവസം മുൻപ് പ്രിയയുടെ ഡെപ്യൂട്ടേഷൻ കാലാവധി ഒരു വർഷം കൂടി നീട്ടിയിരുന്നു.

തനിക്ക് ലഭിച്ച പരാതിയുടെ പുറത്ത് വി.സി. യോട് വിശദീകരണം ആവശ്യപ്പെട്ടതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.

ഇത്രയും നഗ്നമായ ക്രമക്കേട് പുറത്തായ സ്ഥിതിക്ക് ചാൻസിലർ കൂടിയായ ഗവർണർ റാങ്ക് ലിസ്റ്റ് റദ്ദാക്കാൻ ഉള്ള സാധ്യതയേറി.

Leave a Comment

Your email address will not be published. Required fields are marked *