വിഷയം കോടതിയിൽ എത്തിയാൽ മന്ത്രിയോട് രാജിവയ്ക്കാൻ നിർദ്ദേശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനും വെട്ടിലാകുമോ എന്ന ഭയവും രാജിപ്രഖ്യാപനം വേഗത്തിലാക്കി. ദേശീയ രംഗത്ത് വിവാദം ആളിപ്പടർന്നത് മന്ത്രിക്കു മുന്നിൽ രാജിയല്ലാതെ മറ്റു വഴികൾ ഇല്ലാതാക്കി
കൊച്ചി: ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച വിവാദ കുരുക്കിലായ ഫിഷറീസ് – സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഇന്ന് ഉച്ചതിരിഞ്ഞ് രാജിവെച്ചു.
ഇന്ന് രാവിലെ എകെജി സെൻററിൽ നടന്ന സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റിനു ശേഷം ‘എന്തിന് രാജി? ‘ എന്ന് ചോദിച്ച മന്ത്രി തന്നെ പാർട്ടിയുടെ കേന്ദ്ര ഘടകത്തിന്റെ സമ്മർദ്ദത്തിനുശേഷം ഇന്ന് ഉച്ചതിരിഞ്ഞ് രാജിവെച്ചു.
വിഷയം കോടതിയിൽ എത്തിയാൽ മന്ത്രിയോട് രാജിവയ്ക്കാൻ നിർദ്ദേശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനും വെട്ടിലാകുമോ എന്ന ഭയവും രാജിപ്രഖ്യാപനം വേഗത്തിലാക്കി.
ദേശീയ രംഗത്ത് വിവാദം ആളിപ്പടർന്നത് മന്ത്രിക്കു മുന്നിൽ രാജിയല്ലാതെ മറ്റു വഴികൾ ഇല്ലാതാക്കി.
കേരള ചരിത്രത്തിൽ ഭരണഘടനയെ വെല്ലുവിളിച്ച് രാജിവെക്കേണ്ടിവന്ന രണ്ടാമത്തെ മന്ത്രിയാണ് സജി ചെറിയാൻ.
1985 – ൽ കേരളത്തിന് ലഭിക്കേണ്ട കോച്ച് ഫാക്ടറി കേന്ദ്രം പഞ്ചാബിന് നൽകിയപ്പോൾ, സിഖ് തീവ്രവാദം പഞ്ചാബിൽ ഉത്തുംഗത്തിൽ നിന്നിരുന്ന സമയത്ത്, കേരളത്തിലെ യുവജനങ്ങൾ പഞ്ചാബിലെ യുവതയുടെ പോലെ പ്രക്ഷോഭത്തിന് ഇറങ്ങണമെന്ന് പറഞ്ഞതിനാണ് ബാലകൃഷ്ണപിള്ളയ്ക്ക് രാജി വയ്ക്കേണ്ടി വന്നത്. കെ കരുണാകരൻ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്നു അന്ന് പിള്ള .
രണ്ടാം പിണറായി സർക്കാരിൽ രാജിവെക്കുന്ന ആദ്യത്തെ മന്ത്രിയായി സജി.
ഒരു മണിക്കൂർ നീണ്ട തൻ്റെ വിവാദമായ പത്തനംതിട്ട മല്ലപ്പിള്ളിയിലെ പാർട്ടി വേദിയിലെ പ്രസംഗത്തിൽ ഭരണഘടനയെ വെല്ലുവിളിക്കുന്ന ബിജെപിക്ക് നേരെയായിരുന്നു തൻ്റെ വിമർശനമെന്നും അതിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് മാധ്യമങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു.
തൻ്റെ പ്രസംഗത്തിൽ തെറ്റുപറ്റിയെന്നോ, അതിന്റെ പേരിലുള്ള ഖേദപ്രകടനമോ സജി ചെറിയാൻ നടത്തിയില്ല.
ചെറിയാന് പകരം മറ്റൊരു മന്ത്രി എൽഡിഎഫിൽ ഉണ്ടാകില്ല. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുക സജി ചെറിയാന് എളുപ്പമാകില്ല.
ഉച്ചതിരിഞ്ഞ് 5.45ന് മുഖ്യമന്ത്രിയെ നേരിൽകണ്ട് രാജിക്കത്ത് കൈമാറി ശേഷം മീഡിയ ചേമ്പറിൽ എത്തിയായിരുന്നു രാജി പ്രഖ്യാപനം.
എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന് സജി ചെറിയാൻ മറുപടി പറഞ്ഞില്ല. രാജി പ്രഖ്യാപിച്ചശേഷം മന്ത്രിയുടെ ഔദ്യോഗിക കാർ ഉപേക്ഷിച്ച് എം എൽ എ എന്ന ബോർഡ് വച്ച കാറിൽ സജി ചെറിയാൻ തിരിച്ചുപോയി
മാധ്യമങ്ങളുടെ കൂടുതൽ ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. പാർട്ടിയുടെ നിർദ്ദേശമല്ല തൻറെ വ്യക്തിപരമായ തീരുമാനമാണ് രാജിയിലേക്ക് നയിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
വിഭാഗീയത രൂക്ഷമായ ആലപ്പുഴയിൽ ആദ്യം മാധ്യമങ്ങൾ ശ്രദ്ധിക്കാതെ പോയ പ്രസംഗം എങ്ങിനെ മന്ത്രിയുടെ രാജിയിലേക്ക് വഴിവയ്ക്കുന്ന രീതിയിൽ പിന്നീട് പുറത്തെത്തി എന്നതിലും ഇനി സിപിഎമ്മിൽ അന്വേഷണം നടക്കും.
ഭരണഘടനയുടെ ആമുഖം പ്രത്യേകമായി എടുത്ത് ഓഫീസുകളിലും വീടുകളിലും പ്രദർശിപ്പിച്ച്, പാർട്ടി ഫാസിസ്റ്റ് എന്ന് വിളിക്കുന്ന ബിജെപിക്കെതിരെ ഒരു വേള പ്രചരണം നടത്തിയ അതേ പാർട്ടിക്കാരൻ തന്നെ ഭരണഘടനയെ പാർട്ടി വേദിയിൽ തന്നെ പുച്ഛിച്ചപ്പോൾ നഷ്ടമായത് സ്വന്തം മന്ത്രി പദം എന്നത് ഇനി രാഷ്ട്രീയ ചരിത്രം