തെങ്ങിന്റെ മടൽ കൊണ്ടാണ് പ്രതി കുട്ടിയുടെ മുഖത്തും ശരീരത്തും അടിച്ചത്. എടുത്ത് എറിയുകയും, കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ…
തൃശൂർ: കേച്ചേരി തൂവാനൂരിൽ നാല് വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ. കുന്നംകുളം സ്വദേശി നൗഫലാണ് (32)അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു. രാത്രി കുട്ടി കരയുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ മടലുകൊണ്ട് കുട്ടിയെ മർദ്ദിച്ചത്. മുഖത്തും ശരീരത്തിലും അടിയേറ്റ കുട്ടി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
തുവാനൂരിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. രാത്രി ഉറങ്ങുന്ന സമയത്ത് കുഞ്ഞ് കരയുന്നെന്ന് പറഞ്ഞാണ് രണ്ടാനച്ഛൻ നൗഫൽ കുട്ടിയെ മർദ്ദിച്ചത്. തെങ്ങിന്റെ മടൽ കൊണ്ടാണ് പ്രതി കുട്ടിയുടെ മുഖത്തും ശരീരത്തും അടിച്ചത്. എടുത്ത് എറിയുകയും, കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഡോക്ടറുടെ നിർദേശത്തിൽ കുട്ടിയെ വിദഗ്ധ ചികിത്സക്ക് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു. മുമ്പും ഇയാൾ കുട്ടിയെ മർദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കേസെടുക്കാൻ സിഡബ്യൂസി പൊലീസിന് നിർദേശം നൽകിയിരുന്നു.
മർദ്ദനമേറ്റ നാലു വയസ്സുകാരന്റെ മാതാവുമായി നിയമപ്രകാരം ഇയാൾ വിവാഹം കഴിച്ചിട്ടില്ല എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഔദ്യോഗിക രേഖകളിൽ നൗഫൽ എന്നാണ് പ്രതിയുടെ പേർ. അമ്പലത്തിൽ വച്ച് വിവാഹ ചടങ്ങ് നടന്നുവെങ്കിലും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് കുന്നംകുളം പോലീസ് പറയുന്നത്. തൂവാനൂർ പ്രദേശത്ത് പ്രസാദ് എന്നാണ് നൗഫലിനെ വിളിക്കുന്നത്. മർദ്ദനമേറ്റ നാലു വയസ്സുകാരന്റെ മാതാവുമൊത്ത് പാലക്കാട് നിന്നാണ് ഇയാൾ കേച്ചേരിയിൽ എത്തിയത്.