Watch Video here
തൃശൂര്‍: ചെണ്ടകൊട്ടിയും, നൃത്തച്ചുവടുകള്‍ വെച്ചും ചലച്ചിത്ര താരങ്ങളായ സണ്ണി വെയ്‌നും, ഗായത്രി സുരേഷും ഇയാനിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് പുത്തനുണര്‍വ്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി മുതുവറയില്‍ പ്രവര്‍ത്തിക്കുന്ന ഇയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ ആന്‍ഡ് റിസര്‍ച്ചും, നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന ഡി.ക്യു ഫാമിലിയും, കൈറ്റ്‌സ് ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ ചടങ്ങിലായിരുന്നു നടന്‍ സണ്ണി വെയ്‌നും, നടി ഗായത്രി സുരേഷും വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായത്.
സംഗീതത്തില്‍ കഴിവ് തെളിയിച്ച ഇയാനിലെ വിദ്യാര്‍ത്ഥികളുടെ മ്യൂസിക് ബാന്‍ഡിന്റെ ഉദ്ഘാടനം നടന്‍ സണ്ണി വെയ്ന്‍ ചെണ്ട കൊട്ടി നിര്‍വഹിച്ചു. ഫിംഗര്‍ ഡാന്‍സ് എന്ന വ്യത്യസ്തമായ കലാരൂപത്തിലൂടെ ശ്രദ്ധേയനായ ഇമ്തിയാസ് അബൂബക്കറും ചടങ്ങില്‍ പങ്കെടുത്തു. ഫിംഗര്‍ ഡാന്‍സിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് ഇമ്തിയാസ് പറഞ്ഞു.
കേരളത്തില്‍ ഉടനീളം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഫിംഗര്‍ ഡാന്‍സ് അവതരിപ്പിക്കുകയും, അവരെ ഇത് പരിശീലിപ്പിക്കുകയും ചെയ്യുന്ന ബൃഹത്തായ പരിപാടിയുടെ ഉദ്ഘാടനമാണ് ഇയാനില്‍ നടന്നത്. ഇയാന്‍ ചെയര്‍മാന്‍ ഡോ.അഭിലാഷ് ജോസഫ്.കെ., മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സിജു രവീന്ദ്രനാഥ്, ഡയറക്ടര്‍ റോസ്മിന്‍, പേഷ്യന്റ്‌സ് സര്‍വീസ് മാനേജര്‍ ഡോ.രോഹിത് എം.എസ്, സ്‌പെഷ്യല്‍ എഡുക്കേഷന്‍ എച്ച്.ഒ.ഡി. ടി.പി രേണുക ശശികുമാര്‍, ഡോ.സുമേഷ്, സാമൂഹ്യപ്രവര്‍ത്തക റിയ ഇഷ, അജ്മല്‍ (കൈറ്റ്‌സ് ഫൗണ്ടഷന്‍ ), സംഗീതസംവിധായകന്‍ നിവി വിശ്വലാല്‍, കൂടാതെ ഡി.ക്യു ഫാമിലി ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഇയാനിലെ വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഇയാനിലെ വിദ്യാര്‍ത്ഥികളായ കിരണ്‍.ടി.എ, വിഷ്ണു പരശുരാം, അഞ്ജന ബാബു, അതുല്‍ സന്തോഷ്, ധ്യാന്‍, മീര മഹേഷ് എന്നിവരാണ് ബാന്‍ഡിലെ അംഗങ്ങള്‍.