തൃശൂര്‍: തേക്കിന്‍കാട് മൈതാനത്തെ എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ കേരള ടൂറിസം വകുപ്പ് ഒരുക്കിയ പവിലിയന്‍ സന്ദര്‍ശകര്‍ക്ക് അറിവും ആനന്ദവും പകരും. പ്രവേശന കവാടം തന്നെ ദൃശ്യഭംഗി നല്‍കുന്ന മാതൃകാ ഏലത്തോട്ടമാണ്.
കാണികള്‍ക്ക് ഹരിതാഭമായ ഏലത്തോട്ടത്തിന്റെ കാഴ്ചകള്‍ കണ്ട് ‘സുരങ്ക’ തുരങ്കത്തിലൂടെ പുറത്ത് എത്താം. ഏലത്തോട്ടത്തില്‍ പണ്ടുകാലത്ത് ഉപയോഗിച്ച കാവല്‍ പുരയും, പൂര്‍വകാല ചരിത്രത്തിന്റെ തിരുശേഷിപ്പായ മുനിയറകളുടെ മാതൃകയും ഇവിടെ കാണാം.
കാസര്‍ഗോഡ് ജില്ലയിലെ മലമ്പ്രദേശങ്ങളില്‍ വെള്ളത്തിനായി നിർമ്മിക്കുന്ന തുരങ്കമാണ് ‘സുരങ്ക’. 15 അടി നീളവും 10 അടി ഉയരവുമുള്ള ‘സുരങ്ക’ തുരങ്കം കടന്നാണ് പുറത്തു കടക്കേണ്ടത്. കാടിന്റെ വന്യതയും, പച്ചപ്പും, ഏലത്തോട്ടത്തിന്റെ തനിമയും നിലനിര്‍ത്താന്‍ വിവിധ നിറങ്ങളില്‍ ലൈറ്റുകളും സജ്ജീകരിച്ചിരിക്കുന്നു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിന് ഏലത്തോട്ടത്തിനിടയില്‍ നിന്ന് അമ്പെയ്യാം. കേരളത്തിന്റെ വിനോദ സഞ്ചാര ഇടങ്ങളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും സ്റ്റാളിലുണ്ട്. ഇതിനുപുറമെ സംസ്ഥാനത്തെയും ജില്ലയിലെയും വിവിധ ടൂറിസ്റ്റ് ഇടങ്ങള്‍, കേരള മാപ്പ്, തുടങ്ങിയ വിവരങ്ങളും ടൂറിസത്തിന്റെ പുതിയ ആകര്‍ഷകമായ പദ്ധതികളെക്കുറിച്ച് അറിയാം. കേരളത്തിലെ മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം എഴുതി സമ്മാനം നേടാനും അവസരമുണ്ട്.