തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സ്ഥാപിച്ച അന്തരിച്ച നടന്‍ ഇന്നസെന്റിനൊപ്പമുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് മാറ്റി.
ഇന്നസെന്റിന്റെ ചിത്രമുള്ള പ്രചാരണബോര്‍ഡ്് സ്ഥാപിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന്്് ഇന്നസെന്റിന്റെ കുടുംബം അറിയിച്ചിരുന്നു.
ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് എല്‍.ഡി.എഫ് ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ബോര്‍ഡ് നീക്കിയത്.
ഇരിങ്ങാലകുട ബസ് സ്റ്റാന്‍ഡ് എ.കെ.പി റോഡിലെ ഒഴിഞ്ഞ പറമ്പില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സുനില്‍കുമാറിന്റെയും ഇന്നസെന്റിന്റെയും ചിത്രമടങ്ങിയ ബോര്‍ഡാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രം സഹിതം അവിടെ ബോര്‍ഡ് ഉയര്‍ന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. എല്ലാത്തിനപ്പുറം സൗഹൃദം എന്നായിരുന്നു ബോര്‍ഡില്‍ എഴുതിയിരുന്നത്.
ഇതിനു പിന്നാലെ എല്‍.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.